ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ചുഴലികാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം,കേരളത്തിലും മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലികാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരളത്തിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമര്‍ദം ആയി മാറിയിരിക്കുന്നു.ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 1100 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 1250 കി.മീയും ദൂരെയാണിത്. അടുത്ത 24 മണിക്കൂറില്‍ ഇത് വളരെ വേഗത്തില്‍ ചുഴലിക്കാറ്റായും വീണ്ടും ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റുമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 89 കി.മീ മുതല്‍ 117 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കുക.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തിലില്ല. ന്യൂനമര്‍ദത്തിന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാന്തരീക്ഷവസ്ഥയില്‍ (കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത) വരാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."