ബംഗളൂരു കടക്കുമോ
ബംഗളൂരുവിനെ മറികടക്കാന്‍ നോര്‍ത്ത് ഈസ്റ്റ്
ബംഗളൂരു: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ബംഗളൂരു എഫ്.സിയും തമ്മിലുള്ള സെമി ഫൈനലിലെ രണ്ടാം പാദം ഇന്ന് നടക്കും. ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 2-1 ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് നോര്‍ത്ത് ഈസ്റ്റ് ജയമോ സമനിലയോ നേടുകയാണെങ്കില്‍ അവര്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനാകും.
അതേസമയം, രണ്ട് ഗോളിനെങ്കിലും വിജയിച്ചാല്‍ മാത്രമേ ബംഗളൂരുവിന് ഫൈനലിലേക്കുള്ള വഴി തെളിയുകയുള്ളു. തങ്ങളുടെ ആദ്യ സീസണില്‍ കൈവിട്ട കിരീടം ക്ലബിലെത്തിക്കാനുള്ള ശക്തമായ ഒരുക്കത്തിലാണ് ബംഗളൂരു.
മോശം ഫോമില്‍ തുടരുന്ന ബംഗളൂരുവിന് ഇന്ന് കടുത്ത പോരാട്ടം പുറത്തെടുക്കേണ്ടി വരും. ആദ്യ പാദത്തില്‍ 1-1ന് സമനിലയില്‍ കളി അവസാനിക്കുമെന്നിരിക്കെ ഇഞ്ചുറിടൈമിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ പിറക്കുന്നത്. പെനാല്‍റ്റിയിലൂടെ യുവാന്‍ മാസ്യയുടെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍. മിന്നുന്ന പ്രകടനമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യ പാദത്തില്‍ കാഴ്ചവച്ചത്. ആദ്യ മത്സരത്തിലെ പ്രകടനം ഇന്നും ആവര്‍ത്തിക്കാനായാല്‍ നോര്‍ത്ത് ഈസ്റ്റിന് അനായാസം ഫൈനലിലേക്ക് പ്രവേശിക്കാനാകും. സീസണിന്റെ തുടക്കം മുതല്‍ ബംഗളൂരു പുറത്തെടുത്ത ആക്രമണ ഫുട്ബോളായിരിക്കും ഇന്നത്തെ മത്സരത്തിലും പിന്തുടരുകയെന്ന് ബംഗളൂരു എഫ്.സി പരിശീലകന് പറഞ്ഞു.
ബംഗളൂരുവിനെ നോര്‍ത്ത് ഈസ്റ്റ് തുടക്കം മുതല്‍ ആക്രമണാത്മക ഫുട്ബോളിലൂടെ സമ്മര്‍ദത്തിലാക്കിയത് കാരണമായിരുന്നു അവര്‍ക്ക് ജയം സമ്പാദിക്കാന്‍ കഴിഞ്ഞത്. അതേസമയം, ഇരു ടീമുകള്‍ക്കും തന്ത്രം പറഞ്ഞുകൊടുക്കാന്‍ അസിസ്റ്റന്റ് കോച്ചുമാര്‍ ഇന്നുണ്ടാവില്ല. കാരണം ആദ്യപാദ മത്സരത്തില്‍ ഇരുകോച്ചുമാര്ക്കും റഫറിയെ അധിക്ഷേപിച്ചതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."