ശബരിമല ലെയ്‌സണ്‍ ഓഫിസര്‍: നിയമനം ദേവസ്വം ബോര്‍ഡ് റദ്ദാക്കി
തിരുവനന്തപുരം: ശബരിമല ലെയ്‌സണ്‍ ഓഫിസറായി വി.കെ രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണു നിയമനം റദ്ദാക്കുന്നതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചത്. എന്നാല്‍ രാജഗോപാലിന്റെ നിയമനം സി.പി.എമ്മിനുള്ളിലും ഭരണതലത്തിലും വിവാദമായതിനെ തുടര്‍ന്നാണു തീരുമാനം തിരുത്തിയതെന്ന് പറയുന്നു.
10,000 രൂപ ഓണറേറിയത്തിലായിരുന്നു രാജഗോപാലിനെ ശബരിമല ലെയ്‌സണ്‍ ഓഫിസറായി നിയമിച്ചത്. എന്നാല്‍ ലെയ്‌സണ്‍ ഓഫിസറുടെ നിയമനം അനാവശ്യമാണെന്നു വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്. സി.പി.എമ്മിനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരിട്ടും അല്ലാതെയും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം രാജഗോപാലിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രാജഗോപാലിനെതിരേ ശ്രീനാരായണ ധര്‍മവേദി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ പരിഹസിച്ച് സാമൂഹമാധ്യമങ്ങളില്‍ നിരന്തരമായ പോസ്റ്റുകള്‍ ഇട്ടിരുന്ന വ്യക്തിയാണ് ഇയാളെന്നും ഈ നിയമനം അന്വേഷിക്കണമെന്നും പരാതിയില്‍ ജനറല്‍ സെക്രട്ടറി ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു.
അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹിയുമാണ് രാജഗോപാലെന്നും കടുത്ത ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവിയായ ഇദ്ദേഹം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും ധര്‍മവേദിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."