വഴിമുട്ടി നിരീക്ഷണകാമറ പദ്ധതി
നാദാപുരം: ടൗണുകളിലെ സുരക്ഷിതത്വവും ട്രാഫിക് സംവിധാനവും കുറ്റമറ്റതാക്കാന്‍ നടപ്പിലാക്കിയ പൊലീസിന്റെ നിരീക്ഷണ കാമറ സംവിധാനം പാതിവഴിയിലായി. നാദാപുരത്തും കല്ലാച്ചിയിലും അക്രമസംഭവങ്ങളും അനധികൃതവാഹന പാര്‍ക്കിങും പതിവായതോടെയാണ് പൊലിസ് ഈ ആശയവുമായി രംഗത്തെത്തിയത്. നാദാപുരം ടൗണ്‍ ആശുപത്രി പരിസരം, ബസ് സ്റ്റാന്‍ഡ്, കല്ലാച്ചി ടൗണ്‍ എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നാദാപുരം ടൗണില്‍ മാത്രമാണ് ഭാഗികമായി സ്ഥാപിച്ചത് . സ്ഥലം എം.എല്‍.എ ഇ.കെ വിജയന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെയുംആസ്തി വികസന ഫണ്ടില്‍നിന്നും പത്തു ലക്ഷം രൂപ വീതം ഉപയോഗിച്ചായിരുന്നു കാമറ സ്ഥാപിക്കാന്‍ തീരുമാനം എടുത്തത്. എന്നാല്‍ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഇതുവരെ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്കു കാരണം.
രാത്രി കാല മദ്യ വില്‍പന, മയക്കുമരുന്ന് വ്യാപാരം, കടകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ വീണ്ടും തല പൊക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം കല്ലാച്ചിയില്‍ റോഡ് തടസപ്പെടുത്തി അക്രമം നടത്തിയപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ക്യാമറ സംവിധാനം ആശ്രയിച്ചാണ് പൊലിസ് പ്രതികളെ കണ്ടെത്തിയത്. തിരക്കേറിയനാദാപുരം, കല്ലാച്ചി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. പലപ്പോഴും ഇതേച്ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും ഇവിടെ പതിവാണ്. ക്യാമറ സംവിധാനം പൂര്‍ത്തിയാകുന്നതോടെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സംരംഭം കൂടുതല്‍ മികച്ചതാക്കി ഇരു ടൗണിലെയും കച്ചവടസ്ഥാപനങ്ങള്‍ തങ്ങളുടെ കടകളില്‍ സ്ഥാപിച്ച കാമറ പൊലിസിസിന്റെ സംവിധാനത്തോട് യോജിപ്പിച്ച് കടകളില്‍ നടക്കുന്ന േമാഷണവും ആക്രമണം തടയാനും രൂപരേഖ തയ്യാറാക്കിയിരുന്നു എന്നാല്‍ ഇതും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ക്യാമറ പരിധിയില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം പ്രിന്റ് എടുത്ത് വാഹനഉടമയ്ക്ക് അയച്ചു കൊടുത്ത് പിഴ ഈടാക്കാനും പൊലിസ് തീരുമാനിച്ചിരുന്നു. പൊലിസ് കണ്‍ട്രോള്‍ റൂമില്‍ ആയിരുന്നു സി.സി.ടി.വിയുടെ നിയന്ത്രണ സംവിധാനം ഒരുക്കിയത്. എന്നാല്‍ നിലവിലുള്ള ക്യാമറയുടെ സഹായത്തോടെ തുടക്കത്തില്‍ നിയമലംഘനങ്ങള്‍ കണ്ടുപിടിച്ചിരുന്നെങ്കിലും പിന്നീട് ഈ സംവിധാനം തന്നെ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ നിരീക്ഷണത്തിനു പോലും ആളില്ലാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."