HOME
DETAILS
MAL
ഓണ്‍ലൈന്‍ പഠനവുമായി ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കും: ആശങ്കയില്‍
backup
May 16 2020 | 10:05 AM
ഏറ്റുമാനൂര്‍: ഓണ്‍ലൈന്‍ പഠനവുമായി ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാനുള്ള ശ്രമം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുക്കുന്നത് വന്‍ കെണി. മൊബൈല്‍ ഫോണും ടാബുമൊക്കെ ഉപയോഗിച്ച് ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന പഠനം വിദ്യാര്‍ഥികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷം ചെറുതല്ലെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
ആന്‍ഡ്രോയിഡ് ഫോണോ കംപ്യൂട്ടര്‍ സൗകര്യങ്ങളോ ഇല്ലാത്ത നിര്‍ധനരായ കുട്ടികള്‍ എങ്ങനെ ഈ ക്ലാസുകളെ അഭിമുഖീകരിക്കുമെന്നതും മറ്റൊരു വെല്ലുവിളിയാണ്. ഏറ്റവും വലിയ വിഷമവൃത്തത്തിലാകുന്നത് രക്ഷിതാക്കളായിരിക്കും.
ലോക്ക് ഡൗണ്‍ വേളയില്‍ പണിയില്ലാതെ കഷ്ടപ്പെടുന്ന താഴേക്കിടയിലുള്ളവര്‍ക്ക് ഈ സൗകര്യങ്ങളൊരുക്കുക അസാധ്യമാകും. വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകള്‍ സജ്ജീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വിജയപ്രദമായിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഡിഷ് ടി.വി ഉപയോഗിക്കുന്നവര്‍ക്ക് ഈ ചാനല്‍ ലഭിക്കില്ല. കേബിള്‍ ടി.വി വഴി ഇത് ലഭ്യമാകുന്നുണ്ടെങ്കിലും എല്ലായിടത്തും കൃത്യമായി ലഭിക്കാറില്ല. വൈദ്യുതി തടസ്സമോ കേബിള്‍ തകരാറോ വന്നാല്‍ പഠനം മുടങ്ങുകയും ചെയ്യും.
ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള ഓണ്‍ലൈനില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. ഇവിടെയെല്ലാം കുട്ടികളെക്കാള്‍ ഏറെ ബുദ്ധിമുട്ടുന്നത് രക്ഷിതാക്കള്‍ തന്നെ. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ക്കിടയില്‍ കുട്ടികള്‍ ഉറങ്ങിപ്പോകാതിരിക്കാനും അവരുടെ ശ്രദ്ധ മറ്റു വഴിക്കു തിരിയാതിരിക്കാനും രക്ഷിതാക്കള്‍ ഒപ്പമിരിക്കുകയാണ്. ക്ലാസ് മുറികളിലിരുന്നുള്ള പഠനം പോലെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യവും ഏകാഗ്രതയും സംശയനിവാരണ സൗകര്യവും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭിക്കുന്നില്ല. ഇത് ഇവരുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഫീസ് അടച്ചുതുടങ്ങാന്‍ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ സാമ്പത്തികമായി ഏറെ തകര്‍ന്നിരിക്കുന്ന സാധാരണക്കാര്‍ക്ക് സ്‌കൂള്‍ ഫീസും ഓണ്‍ലൈന്‍ പഠനസാമഗ്രികളും ഇപ്പോള്‍ താങ്ങാനാവാത്ത അവസ്ഥയാണ്. ഇതെല്ലാം കടം വാങ്ങിയെങ്കിലും സംഘടിപ്പിച്ചാലും ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റൊരു പ്രശ്‌നമാകും.
ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും ശരിയായ രീതിയില്‍ ഇന്റര്‍നെറ്റ് സംവിധാനമെത്തിയിട്ടില്ല. എങ്ങനെയെങ്കിലും തരപ്പെടുത്തിയാല്‍ തന്നെ നിലവില്‍ ഉപയോഗിക്കുന്ന സംവിധാനം മതിയാകില്ല. കൂടുതല്‍ വലിയ നിരക്കിലുള്ള ഇന്റര്‍നെറ്റ് പാക്കേജുകള്‍ എടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായിത്തീരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."