മിന്നല്‍ ക്രൂസ്
സോച്ചി: ഉദ്വേഗ ജനഗമായ മത്സരത്തിനൊടുവില്‍ 1-2 സ്വീഡനെ കീഴടക്കി ജര്‍മനി രണ്ടാം റൗണ്ട് സാധ്യതകള്‍ നിലനിര്‍ത്തി. പത്തുപേരുമായി ചുരുങ്ങിയിട്ടും ജര്‍മന്‍ പടയോട്ടത്തിന് മുന്നില്‍ സ്വീഡന് പിടിച്ചു നില്‍ക്കാനായില്ല. സ്വീഡന്റെ ടച്ചോടെയായിരുന്നു സോച്ചിയല്‍ ജര്‍മനിയുടെയും സ്വീഡന്റെയും രണ്ടാം മത്സരം തുടങ്ങിയത്. മെസുട് ഓസില്‍, മാറ്റ് ഹമ്മല്‍സ്, സെമി ഖദിറ എന്നിവരെ മാറ്റി നിര്‍ത്തിയായിരുന്നു ആദ്യ ഇലവന്‍ ഇറങ്ങിയത്.
പകരക്കാരായി റുഡിഗര്‍, റൂഡി, റൂയിസ്, ഹെട്കര്‍ എന്നിവരേയായിരുന്നു ആദ്യ ഇലവനില്‍ ഉള്‍പെടുത്തിയത്. കളി തുടങ്ങി ജര്‍മന്‍ ടീം സ്വിഡന്‍ പോസ്റ്റിന് മുന്നില്‍ പന്തുമായെത്തിയെങ്കിലും മൂന്നാം മിനുട്ടില്‍ സ്വീഡന്റെ കൗണ്ടര്‍ അറ്റാക്കില്‍ ജര്‍മനി തരിച്ചു. വീണ്ടും പന്തുമായി ജര്‍മനി സ്വിഡന്റെ ഗോള്‍മുഖത്തെത്തിയെങ്കിലും പ്രതിരോധം ഉറച്ചു നിന്നതോടെ പോസ്റ്റിലേക്ക് പന്തടിക്കാന്‍ ജര്‍മനിക്കായില്ല. പിറകില്‍ നിന്ന് വലതുവിങ്ങിലേക്ക് ബോട്ടെങ്ങ് കൃത്യമായി പന്തെത്തിച്ചു കൊണ്ടിരുന്നു.
മുന്‍ നിരയിലുണ്ടായിരുന്ന കിമ്മിച്ച് പൊസിഷന്‍ മാറി മാറിക്കളിച്ച് സ്വീഡന്‍ ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ച് കൊണ്ടേയിരുന്നു.
വലത് ഭാഗത്ത് നിന്ന് വന്ന പന്തിനെ നെഞ്ചില്‍ ഇറക്കി ജര്‍മന്‍ കീപ്പര്‍ മാനുവല്‍ നൂയറുടെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് 32-ാം മിനുട്ടില്‍ സ്വീഡന്‍ ഒരു ഗോളിന്റെ ലീഡ് നേടി. ഗോള്‍ നേടിയതോടെ സ്വീഡന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ വിറപ്പിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയില്‍ സ്വിഡന്‍ ഗോള്‍കീപ്പറും രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു.
രണ്ടാം പകുതിക്ക് ശേഷം 48-ാം മിനുട്ടില്‍ സുന്ദരമായ പാസിനൊടുവില്‍ മാര്‍ക്കോ റൂയിസ് ജര്‍മനിക്കായി സമനില ഗോള്‍ നേടി. കളി പുരോഗമിക്കുന്നതിനിടെ സ്വീഡര്‍ താരത്തെ വീഴ്ത്തിയതിന് ജെറോം ബോട്ടെങ്ങിന് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഇതോടെ തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട ബോട്ടെങ്ങ് പുറത്ത് പോയി.
പത്തു പേരുമായി ചുരുങ്ങിയ ജര്‍മനി പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും സ്വീഡന്‍ അറ്റാക്കിങ്ങിന് ശ്രമിച്ചില്ല.
87-ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ഹെക്ടറിനെ പിന്‍വലിച്ച് ബ്രാന്‍ഡിനെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. ഈ നീക്കമായിരുന്നു വിജയം കണ്ടത്. 95-ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ടോണി ക്രൂസ് സുന്ദരമായൊരു കിക്കിലൂടെ സ്വീഡിഷ് ഗോള്‍കീപ്പറെ കീഴടക്കി വലയിലാക്കി.
ജര്‍മനിയുടെ അധ്വാനത്തിന് ഫലം കണ്ടനിമിഷമായിരുന്നു. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ കൊറിയക്കെതിരേ ജര്‍മനി ജയിക്കുകയാണെങ്കില്‍ രണ്ടാം റൗണ്ട് പ്രവേശനം സാധ്യമായേക്കും.
റഫറി വാര്‍ പരിശോധന നടത്തിയില്ല; സംഭവം വിവാദത്തില്‍
ഗ്രൂപ്പ് എഫിലെ ജര്‍മനി - സ്വീഡന്‍ മത്സരത്തിനിടെ ജര്‍മന്‍ ബോക്‌സിലേക്ക് ഒറ്റയ്ക്കു പന്തുമായി കുതിച്ചെത്തിയ സ്വീഡന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗിനെ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ് പിന്നില്‍നിന്നു വീഴ്ത്തിയ സംഭവം വിവാദമായി.
12ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്തുമായെത്തിയ സ്വീഡിഷ് താരത്തെ ബോട്ടെങ് പിന്നില്‍ നിന്ന് കാലുവച്ച് വീഴ്ത്തിയെങ്കിലും റഫറി ഫൗള്‍ അനുവദിച്ചില്ല.
പെനാല്‍റ്റിക്ക് വേണ്ടി സ്വീഡന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി സൈമണ്‍ മാര്‍സിനിയാക് വാര്‍ പരിശോധനയ്ക്കു തയാറായില്ല.
ഇക്കാര്യത്തില്‍ റഫറിയുടെ തീരുമാനമാണ് അന്തിമം. റഫറി പെനാല്‍റ്റി അനുവദിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
ക്രൂസ് റെക്കോര്‍ഡ്‌സ്
സ്വീഡനെതിരായ മത്സരത്തില്‍ വിജയ ഗോള്‍ നേടിയതിന് പുറമേ മറ്റൊരു റെക്കോര്‍ഡുമായാണ് ക്രൂസ് കളംവിട്ടത്. റയല്‍ മാഡ്രിഡ് താരമായ ക്രൂസ് ഈ മത്സരത്തില്‍ 144 ടച്ചുകളാണ് നടത്തിയത്. ഇതൊരു റൊക്കോര്‍ഡിനാണ് വഴിതുറന്നത്. 1966 മുതലുള്ള കണക്കനുസരിച്ച് ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടച്ചുകള്‍ നടത്തിയ ജര്‍മന്‍ താരമെന്ന റെക്കോര്‍ഡാണ് ക്രൂസ് സ്വന്തമാക്കിയത്. 121 പാസുകള്‍ നല്‍കിയ ക്രൂസ് അതില്‍ 113 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു.
ലോകകപ്പിലെ നിശ്ചിത സമയത്തില്‍ ജര്‍മ്മനി ഏറ്റവും വൈകി നേടുന്ന ഗോളും ക്രൂസിന്റെ പേരിലാണ്. സ്വീഡനെതിരേയുള്ള മത്സരത്തില്‍ 94 മിനിറ്റും 42 സെക്കന്റും കഴിഞ്ഞപ്പോള്‍ ആയിരുന്നു ക്രൂസിന്റെ വിജയ ഗോള്‍ പിറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."