കൈകോര്‍ത്തു കോണ്‍ഗ്രസ് - അണ്ണാഡി.എം.കെ നേതാക്കള്‍; മലയാളി യുവാക്കളെ കോയമ്പത്തൂരിലെ ജോലി സ്ഥലത്ത് എത്തിച്ച് തമിഴ്‌നാട് എം.എല്‍.എ
മലപ്പുറം: മുന്‍ മന്ത്രിയും എം.എല്‍.എമാരും ഡി.സി.സി സെക്രട്ടറിയുമൊക്കെ നേരിട്ട് ഇടപെട്ടപ്പോള്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയ യുവാക്കള്‍ ജോലി സ്ഥലത്ത് തിരിച്ചെത്തി.
തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലേക്ക് എത്താന്‍ ആളുകള്‍ തിരക്കു കൂട്ടുമ്പോഴാണ് അങ്ങോട്ടു പോകാന്‍ കഴിയാതെ രണ്ടുപേര്‍ കുടുങ്ങിയത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കൈകോര്‍ത്തതാവട്ടെ കോണ്‍ഗ്രസ് - എ.ഐ.എ.ഡി.എം.കെ നേതാക്കളും. ഉത്തരേന്ത്യന്‍ കമ്പനിയായ കോയമ്പത്തൂര്‍ ആര്‍.ആര്‍ കേബിള്‍സിലെ ഉദ്യോഗസ്ഥരായ തവനൂര്‍ സ്വദേശി മിഥുനും കൂടല്ലൂര്‍ സ്വദേശി ശിവദാസിനുമാണ് കോണ്‍ഗ്രസ് - എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ ഇടപെടലില്‍ കോയമ്പത്തൂരിലേക്ക് മടങ്ങാന്‍ വഴിതുറന്നത്.
അവധി കിട്ടിയതിനാല്‍ ലോക്ക് ഡൗണിന് മുന്‍പു തന്നെ നാട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഇരുവരെയും ജോലി സ്ഥലത്തേക്ക് മടങ്ങാനാവാതെ നാട്ടില്‍ കുടുക്കി. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോയമ്പത്തൂര്‍ സൂളൂരിലുള്ള കമ്പനി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഇരുവരോടും ഉടന്‍ തന്നെ ജോലിക്ക് എത്തണമെന്ന് മാനേജ്‌മെന്റ് തലപ്പത്തുള്ളവര്‍ നിര്‍ബന്ധം പിടിച്ചു. കേരളത്തിലേക്ക് പോകാന്‍ പാസ് നല്‍കുന്ന തമിഴ്‌നാട് തിരിച്ചു പോകാന്‍ അനുവദിക്കാത്ത സാഹചര്യം.
കോയമ്പത്തൂരില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടമാവുമെന്ന അവസ്ഥയില്‍ ഇരുവരും പി.ടി തോമസ് എം.എല്‍.എയുമായി ബന്ധപ്പെടുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപ്പെട്ട അദ്ദേഹം കോയമ്പത്തൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും നിലമ്പൂര്‍ സ്വദേശിയുമായ ഷിജു എബ്രഹാമിനെ വിളിച്ചു. വിഷയം തന്റെ സുഹൃത്തും തമിഴ്‌നാട് മുന്‍ പൊതുമരാമത്ത് മന്ത്രിയും എ.ഐ.എ.ഡി.എം.കെ സംസ്ഥാന സെക്രട്ടറിയുമായ കെ.വി രാമലിംഗം എം.എല്‍.എ (ഈറോഡ്) യുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഷിജു എബ്രഹാം അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കിണറ്റുകടവ് എം.എല്‍.എ ഷണ്‍മുഖവുമായി ബന്ധപ്പെട്ട കെ.വി രാമലിംഗം എം.എല്‍.എ
യുവാക്കള്‍ക്ക് കോയമ്പത്തൂരിലേക്ക് മടങ്ങാനുള്ള സഹായം ഒരുക്കി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ വാളയാറില്‍ എത്തിയ യുവാക്കളെ ഷണ്‍മുഖം എം.എല്‍.എ നേരിട്ടെത്തി തന്റെ വാഹനത്തില്‍ കോയമ്പത്തൂര്‍ സുള്ളൂരിലെ ജോലി സ്ഥലത്ത് എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."