ഏകദിന പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ആസ്ത്രേലിയ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയാണ് ഇംഗ്ലീഷ് ടീം ജേതാക്കളായത്.
ഇന്നലെ നടന്ന അഞ്ചാമത്തെയും പരമ്പരയിലെ അവസാനത്തെയും മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ട്ലറുടെ (122 പന്തില്‍ 110*) മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ആസ്ത്രേലിയയെ നിലംപരിശാക്കിയത്. തോല്‍ക്കുമെന്ന് ഉറപ്പിച്ചിടത്തുനിന്ന് ബട്ട്ലര്‍ നടത്തിയ ഒറ്റയാള്‍ രക്ഷാ പ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിനെ ചരിത്ര നേട്ടത്തിലേക്കെത്തിച്ചത്. ഇരുടീമുകളും മികച്ച ബൗളിങ് പ്രകടനം കാഴ്ച വച്ചു.
പരമ്പരയിലെ നാലു മത്സരങ്ങളും പരാജയപ്പെട്ട ആസ്ത്രേലിയ ആശ്വാസ ജയം തേടിയാണ് മത്സരത്തിനിറങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്ത്രേലിയ 34.4 ഓവറില്‍ 10 വിക്കറ്റിന് 205 റണ്‍സെടുത്തു. ആസ്ത്രേലിയന്‍ നിരയില്‍ ട്രാവിസ് ഹെഡ് (56), ഡി ആര്‍സി ഷോര്‍ട്ട് 47 (52-നോട്ടൗട്ട്), അലക്സ് കാറേ 44 (40) എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. ആരോണ്‍ ഫിഞ്ച് (22), കെയ്ന്‍ റിച്ചാര്ഡ്സണ് (14) എന്നിവരാണ് ഓസിസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇംഗ്ലണ്ട് നിരയില്‍ മുഈന്‍ അലി 46 റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു. സാം കുറന് രണ്ടും ലിയാം പ്ലംകെറ്റ്, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപണര്‍ ജാസണ്‍ റോയിയുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് വന്ന ഇംഗ്ലണ്ട് ബാറ്റസ്മാന്മാര് ഓസീസ് ബൗളിങ് നിരക്ക് മുന്നില്‍ ഓരോരുത്തരായി വിക്കറ്റ് നഷ്ടപ്പെട്ട് മടങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ട്ലര്‍ വാലറ്റത്തെ താരങ്ങളുമായി ചേര്‍ന്ന് സ്കോര്‍ അടിച്ചെടുത്ത് പതുക്കെ ടീമിനെ വിജയതീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ അലക്സ് ഹൈല്‍സ് (20), ആദില്‍ റാഷിദ് (20), ജോണി ബൈര്സ്റ്റോവ് (12), സാം കുറന്(15), മുഈന്‍ അലി (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ആസ്ത്രേലിയക്കായി ബില്ല് സ്റ്റാന്ലൈക്ക്, കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവര്‍ മൂന്നും മാര്‍കസ് സ്റ്റോയ്നിസ് രണ്ടും ആഷ്ടണ്‍ അഗര്‍ ഒന്നും വിക്കറ്റുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."