ഹാരി കൊടുങ്കാറ്റ് പാനമയെ ഗോളില്‍ മുക്കി ഇംഗ്ലണ്ട്
നിഷ്‌നി നോവ്ഗരേഡ്: ഇംഗ്ലീഷ് കൊടുങ്കാറ്റില്‍ പാനമ തകര്‍ന്നടിഞ്ഞു. ഹാട്രിക് ഗോളുകളുമായി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വീണ്ടും തിളങ്ങിയ മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോണ്‍സ് രണ്ടും ലിന്‍ഗാര്‍ഡ് ഒരു ഗോളും നേടി. പാനമയുടെ മറുപടി ഗോള്‍ ബലോയിയുടെ ബൂട്ടില്‍ നിന്നായിരുന്നു. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37കാരനായ ബലോയ്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇംഗ്ലണ്ടിന് അഞ്ച് ഗോളുകളുടെ ലീഡ് സ്വന്തമാക്കാന്‍ കഴിഞ്ഞു.
എട്ടാം മിനുട്ടിലാണ് ആദ്യ ഗോള്‍ വീഴുന്നത്. ട്രിപ്പര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് ഹെഡ്ഡറിലൂടെ സ്റ്റോണ്‍സാണ് വലചലിപ്പിച്ചത്. ഗോളടിച്ചിട്ടും ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 22ാം മിനുട്ടില്‍ അടുത്ത ഗോളും നേടി. പന്തുമായി പാനമ ബോക്‌സിലേക്ക് ഓടിക്കയറിയ ലിന്‍ഗാര്‍ഡിനെ രണ്ട് പ്രതിരോധ താരങ്ങള്‍ കൂടി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഹാരി കെയ്ന്‍ വലയിലെത്തിച്ചു. 36ാം മിനുട്ടില്‍ ലിന്‍ഗാര്‍ഡിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു. സ്‌റ്റെര്‍ലിങ്ങും ലിന്‍ഗാര്‍ഡും നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിന് പുറത്ത്‌വച്ച് ലിന്‍ഗാര്‍ഡെടുത്ത പവര്‍ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലിറങ്ങി. 40ാം മിനുട്ടില്‍ സ്‌റ്റോണ്‍സ് വീണ്ടും ഗോള്‍ നേടി. ബോക്‌സിലേക്ക് ഉയര്‍ന്ന് വന്ന പന്ത് കെയ്ന്‍ സ്റ്റെര്‍ലിങ്ങിന് തലകൊണ്ട് മറിച്ചു നല്‍കി. സ്റ്റെര്‍ലിങ്ങിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ തടുത്തെങ്കിലും ഓടിയടുത്ത സ്റ്റോണ്‍സ് തലകൊണ്ട് പന്ത് വലയിലെത്തിച്ചു. 46ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ വീണ്ടും ലക്ഷ്യത്തിലെത്തിച്ചു.
അഞ്ച് ഗോളുകളുമായി ആദ്യ പകുതിയില്‍ കളംവിട്ട ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ പാനമ പ്രതിരോധം തടുത്തു. പക്ഷേ 62ാം മിനുട്ടില്‍ കെയ്ന്‍ വീണ്ടും വലചലിപ്പിച്ചു. ബോക്‌സിന്റെ പുറത്ത് നിന്ന് ലോഫ്റ്റസ് ചീക്ക് ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത പന്ത് കെയ്‌നിന്റെ കാലില്‍തട്ടി വലയില്‍ കയറി (6-0). 78ാം മിനുട്ടില്‍ ഫിലിപ്പെ ബാലോയിലൂടെ പാനമ ഒരു ഗോള്‍ മടക്കി. പാനമയുടെ ലോകകപ്പിലെ ആദ്യത്തെ ഗോളാണിത്. ഈ മത്സരത്തിലെ ഹാട്രിക്കോടെ മൊത്തം അഞ്ച് ഗോളുകളുമായി കെയ്ന്‍ ഗോള്‍വേട്ടപ്പട്ടികയില്‍ ഒന്നാമതെത്തി. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമാണ് കെയ്ന്‍. ഇതിന് മുന്‍പ് 1966ല്‍ ജോഫ് ഹേസ്റ്റും 1986ല്‍ ഗാരി ലിനേക്കറുമാണ് ഹാട്രിക് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."