ആദിവാസി ഫണ്ട് വിനിയോഗത്തില്‍ അഴിമതിയെന്ന് ആരോപണം
കാവുമന്ദം: തരിയോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആദിവാസി പദ്ധതികളില്‍ അഴിമതി നടക്കുന്നതായി ആരോപണം. പദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വളര്‍ത്താന്‍ നല്‍കിയ ആടുകളുടെ കാര്യത്തിലും കൃഷിക്കായി നല്‍കിയ ഇഞ്ചി വിത്തിലും അഴിമതി നടന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
എട്ടു ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ ആരോഗ്യമില്ലാത്ത ആടുകളെയും ഗുണനിലവാരമില്ലാത്ത വിത്തുമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ 2016-17 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ട്രൈബല്‍ ഫണ്ട് വിനിയോഗിച്ചതിലാണ് ക്രമക്കേട് ആരോപിക്കുന്നത്. പദ്ധതിയില്‍ 40 ആദിവാസി കുടുംബങ്ങള്‍ക്ക് വളര്‍ത്താനായി മൂന്ന് ആടുകളെ വീതം നല്‍കാന്‍ തുക വകയിരുത്തിയിരുന്നു. ഗുണഭോക്താവ് മുടക്കേണ്ട 5000രൂപ ഉള്‍പ്പെടെ 20,000 രൂപയാണ് ആടുകളെ വാങ്ങിക്കാനായി ചിലവഴിക്കേണ്ടത്. ഇതിനുപറമെ ഇന്‍ഷുറന്‍സ് തുകയും ഗുണഭോക്താവ് നല്‍കണം. ഒരു ആടിന് കുറഞ്ഞത് പന്ത്രണ്ട് കിലോതൂക്കമെങ്കിലും വേണമെന്നാണ് നിബന്ധന.
എന്നാല്‍ കാവുംമന്ദം തയ്യില്‍ കോളനിയിലെ സുനിതക്ക് ലഭിച്ച മൂന്ന് ആടുകള്‍ക്കും കൂടി 10 കിലോ ഭാരം പോലുമില്ല. കര്‍ണ്ണാടകയില്‍ നിന്നും എത്തിച്ച രോഗം പിടിപെട്ട ആടുകളും കൂട്ടത്തിലുള്ളതായി പറയപ്പെടുന്നു. ഇതിനോടകം വിതരണം ചെയ്ത ഭൂരിഭാഗം ആടുകളുടെയും അവസ്ഥ ഇത് തന്നെയാണ്. 16 പേര്‍ക്കാണ് ഇതുവരെയായി ആടുകളെ നല്‍കിയത്. എന്നാല്‍ ആടിനെ നല്‍കാന്‍ ആരെയും ഉത്തരവാദിത്തപ്പെടുത്തിയില്ലെന്നാണ് ഭരണസമിതിയുടെ വിശദീകരണം. പഞ്ചായത്തിലെ 40 കുടുംബങ്ങള്‍ക്ക് കൃഷിക്കായി ഇഞ്ചിവിത്ത് നല്‍കിയതിലും ക്രമക്കേട് ആരോപിക്കപ്പെടുന്നു. കൃഷി ചെയ്യാനായി ഒരു ചാക്ക് ഇഞ്ചി വിത്താണ് പദ്ധതിപ്രകാരം ഒരുകുടുംബത്തിന് നല്‍കുന്നത്.
എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിച്ചതാവട്ടെ ഈ വര്‍ഷം കുഴിച്ച മഹാളിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെട്ട ഇഞ്ചിയാണ്. ഇത് വിത്തായി ഉപയോഗിക്കാന്‍ പറ്റാത്തതും പകുതിയലധികവും കേട് വന്ന് നശിച്ചതുമാണ്. തരിയോട് വെജിറ്റബ്ള്‍ ആന്‍് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിനാണ് വിത്തിറക്കി നല്‍കാന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തിയത്. 500 രൂപ ഗുണഭോകൃത് വിഹിതവും 200 രൂപ സ്റ്റാമ്പ് പേപ്പറിനും ചിലവഴിച്ച ആദിവാസി കരഷകന് ലഭിച്ചത് പത്തോ ഇരുപതോ കിലോ ഇഞ്ചി മാത്രമാണ്. മഞ്ഞൂറയിലെ മാങ്കോട്ടില്‍ ഗോപി, ശ്രീധരന്‍ എന്നിവര്‍ക്ക് ലഭിച്ച വിത്തിന്റെ പകുതിയിലധികവും ഉപേക്ഷിക്കുകയാണുണ്ടായത്.
ഗുണമേന്മയുള്ള വിത്ത് ആദിവാസികള്‍ തന്നെ ചൂണ്ടികാണിച്ചിട്ടും അത് വാങ്ങി നല്‍കാതെ വിലകുറഞ്ഞ ഇഞ്ചി വാങ്ങി നല്‍കി ആദിവാസികളെ കബളിപ്പിച്ചെന്നാണ് ആരോപണം. രണ്ട് പദ്ധതിയെയും കുറിച്ച വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."