പൊലിസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം, തിങ്കളാഴ്ച നിലവില്‍ വരും
തിരുവനന്തപുരം: പൊലിസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രേഖകളുടെ പരിശോധന,അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം.
സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയാണ്. നിര്‍ദ്ദേശങ്ങള്‍ തിങ്കളാഴ്ച നിലവില്‍ വരും. പൊലിസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
വിവിധ പൊലിസ് സേനകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ കേരള പൊലിസ് സ്വീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പൊലിസിന്റെ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലിസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവര്‍ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍തന്നെ മേലധികാരികളെ അറിയിക്കേണ്ടതാണ്.
സാമൂഹിക അകലം ഉള്‍പ്പെടെയുളള കോവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇവയില്‍ മികവ് പുലര്‍ത്തുകയും മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."