കല്ലാച്ചേരി കടവ് പാലത്തിനു പത്ത് കോടി
എടച്ചേരി: നാദാപുരം നിയോജക മണ്ഡലത്തിലെ എടച്ചേരി പഞ്ചായത്തും, കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവ് പാലത്തിന് പത്തു കോതി ബജറ്റില്‍ വിലയിരുത്തി. മാഹിപ്പുഴയ്ക്ക് കുറുകെ വരുന്ന ഈ പാലം കോഴിക്കോടും, കണ്ണൂരും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇവിടെ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വി.എസ് സര്‍ക്കാറിന്റെ കാലത്തും, യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തും ഫണ്ട് മാറ്റി വച്ചെങ്കിലും നിര്‍മാണം നടന്നില്ല. പലതവണയായി ഫണ്ട് ലാപ്‌സായെങ്കിലും ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച പത്ത് കോടി ഉപയോഗിച്ച് പാലംപണി പൂര്‍ത്തിയാവുമെന്ന് തന്നെയാണ് പ്രതീക്ഷ.
കൂത്തുപറമ്പ് മണ്ഡലത്തിലെ എം.എല്‍.എ യും, മന്ത്രിയുമായ കെ.കെ ശൈലജയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു ഇത്. നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍, ഈ പാലത്തിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടിരുന്നു.
എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കല്ലാച്ചേരി കടവ്. ഇവിടെ നിന്നും അക്കരെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവത്തൂരിലെത്താന്‍ വല്ലപ്പോഴും മാത്രമുണ്ടാകുന്ന കടത്തുതോണി മാത്രമാണ് ഏക മാര്‍ഗം. ദിവസവും വിദ്യാര്‍ഥികളും, ഉദ്യോഗസ്ഥരും, കച്ചവടക്കാരുമുള്‍പ്പെടെ നിരവധിയാളുകളാണ് ഈ കടവിനെ ആശ്രയിക്കുന്നത്.
എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ ടൗണ്‍ മുതല്‍ കടവ് വരെയുളള റോഡ് ടാറിങ് കൂടി പൂര്‍ത്തിയാക്കാനായി നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു. ജോലി തുടങ്ങിയെങ്കിലും മഴ തുടങ്ങിയതോടെ ടാറിങ് നിര്‍ത്തിവെക്കുകയായിരുന്നു.
എടച്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുളള നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇന തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് അപ്രോച്ച് റോഡിനായുളള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ കല്ലാച്ചേരി കടവ് പാലം യാഥാര്‍ഥ്യമാവുമെന്ന വലിയ പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."