പ്രതിഷേധക്കടലിരമ്പി സമസ്ത പ്രക്ഷോഭ സമ്മേളനം
ലക്ഷ്യം നേടുംവരെ സമസ്ത
പോരാടും: ആലിക്കുട്ടി മുസ്‌ലിയാര്‍
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ള പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സമസ്ത പോരാട്ട രംഗത്തുണ്ടാവുമെന്ന് കോഴിക്കോട്ട് നടന്ന പ്രക്ഷോഭ സമ്മേളനത്തില്‍ സമരപ്രഖ്യാപനം നടത്തിയ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
ഉത്തര മലബാറിലെ പ്രമുഖ പണ്ഡിതനും സമസ്തയുടെ ഉപാധ്യക്ഷനുമായിരുന്ന അദ്ദേഹത്തിന്റെ കൊലപാതകം തെളിയിക്കുന്നതിനായി സമസ്തയും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും സമരം നടത്തിവരികയാണ്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇക്കാര്യത്തില്‍ നീതി ലഭിച്ചിട്ടില്ല. അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരേ ബോധവല്‍ക്കരണങ്ങള്‍ നടത്തുകയും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കുകയും ചെയ്താണ് സമസ്ത എന്നും മുന്നോട്ടു പോയിട്ടുള്ളത്.
ഈ സമുദായത്തിലെ ഒരു പ്രമുഖ പണ്ഡിതന്‍ കൊല്ലപ്പെട്ടിട്ട് ഇപ്പോഴും അക്രമികള്‍ പിടികൂടപ്പെട്ടിട്ടില്ലെന്നത് ഇവിടത്തെ നിയമ സംവിധാനത്തിന് അപമാനകരമാണ്. കൊലയാളിയെ കണ്ടെത്താന്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ സമരപ്രഖ്യാപനം വെറുതെയാവില്ല: ഇ.ടി
കോഴിക്കോട്: ചെമ്പരിക്ക ഖാസി വധം ആത്മഹത്യയാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തിടുക്കം കാട്ടിയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളും ഇതൊരു ആത്മഹത്യ ആകാം എന്ന മുന്‍വിധിയോടെയാണ് അന്വേഷിച്ചത്. സമസ്ത പ്രക്ഷോഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍.
ഖാസി വധം ആത്മഹത്യയാക്കി അടിച്ചമര്‍ത്താനാണ് അവര്‍ തിടുക്കം കാട്ടിയത്. ജനലക്ഷങ്ങളുടെ മനസില്‍ ഏറെ സ്വാധീനം ചെലുത്തിയ വയോധികനായ ഉസ്താദ് ആത്മഹത്യ ചെയ്യില്ല എന്ന് ഏവര്‍ക്കും അറിയാം. കുറ്റാന്വേഷണ ഏജന്‍സികള്‍ തുറന്ന മനസോടെ കേസന്വേഷിക്കാന്‍ തയാറായാല്‍ സത്യം പുറത്ത് വരികതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ സമര പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മുതലക്കുളം മൈതാനിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭ നടത്തിയ ഈ പ്രഖ്യാപന സമ്മേളനം വെറുതെയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഖാസി വധം: ജനകീയ സമിതി
അന്വേഷിക്കുമെന്ന് ഡോ. ഡി. സുരേന്ദ്രനാഥ്
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധം മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കുമെന്ന് ഡോ.ഡി. സുരേന്ദ്രനാഥ്. ഖാസി വധം അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന സമിതിയുടെ ചെയര്‍മാനാണ് ഡി. സുരേന്ദ്രനാഥ്.
സി.എം ഉസ്താദ് ഒരു സമുദായത്തിന്റെ മാത്രം നേതാവായിരുന്നില്ല. ജാതിമത വേലിക്കെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അദ്ദേഹത്തിന്റെ കൊലപാതകികളെ പിടികൂടിയില്ലെന്നത് സങ്കടകരമാണ്. 150ലേറെ ദിവസങ്ങളായി തങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്.
കൊലപാതകികളെ മാത്രമല്ല. ഇതിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും കണ്ടെത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഖാസി വധപ്രക്ഷോഭ സമരത്തില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നല്ലവരെ കൊന്നു കളയുന്ന സമീപനത്തിനെതിരേ ജനകീയപ്രതിരോധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."