തട്ടിക്കൊണ്ടു പോയ ഒന്നരവയസ്സുകാരന് കൊവിഡ്; പ്രതിയും പൊലിസുമുള്‍പെടെ 22 പേര്‍ നിരീക്ഷണത്തില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഒന്നര വയസ് പ്രായമുള്ള കുഞ്ഞിന് കൊവിഡ്. ഇതേതുടര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളും കേസ് അന്വേഷിച്ച പൊലിസുകാരും ഉള്‍പെടെ 22 പേരെ നിരീക്ഷണത്തിലാക്കി.
അമ്മയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലിസ് കുഞ്ഞിനെ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കുഞ്ഞിന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കുഞ്ഞിന്റെ അമ്മയും മാധ്യമപ്രവര്‍ത്തകരും നിരീക്ഷണത്തിലാക്കിയവരില്‍ പെടുന്നു.
ബുധനാഴ്ച്ചയാണ് ഹൈദരാബാദില്‍ തെരുവില്‍ ജീവിക്കുന്ന 22കാരി തന്റെ മകനെ കാണാനില്ലെന്ന് പൊലിസില്‍ പരാതിപ്പെടുന്നത്. ഒന്നര വയസുകാരനായ കുഞ്ഞിനെ താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സമീപത്തെ സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ 27കാരനായ ഇബ്രാഹിം എന്നയാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി.
ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പിന്നീട് ഇബ്രാഹിം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. രോഗങ്ങളും മറ്റും വന്ന് ഇയാളുടെ ആണ്‍കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. പഴങ്ങള്‍ കാണിച്ച് ഒന്നരവയസുള്ള കുട്ടിയെ ആകര്‍ഷിച്ചശേഷം ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
കുട്ടിയുടെ മാതാവ് ലഹരിക്കടിമയാണെന്ന് കണ്ടെത്തിയതോടെ പൊലിസ് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ കോവിഡ് പരിശോധനിലാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."