മഴയില്ല; മധ്യപ്രദേശില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തവളക്കല്യാണം
ന്യൂഡല്‍ഹി: വരള്‍ച്ചാ കാലത്ത് മഴ ലഭിക്കാന്‍ തവളക്കല്യാണം. മധ്യപ്രദേശിലാണ് സംഭവം. നേതൃത്വം നല്‍കിയത് ബി.ജെ.പി മന്ത്രിയും. സംസ്ഥാനത്തെ ഛത്തര്‍പുരിലാണ് മഴലഭിക്കാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലളിത യാദവാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. ആസാദ് ഉത്സവ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. വിവിധ പൂജകള്‍ നടത്തുന്നതിനിടയിലാണ് തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. മന്ത്രിയെ കൂടാതെ നിരവധി ബി.ജെ.പി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. മന്ത്രിയെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയതോടെ അവരുടെ മറുപടിയും എത്തി. വര്‍ഷങ്ങളായുള്ള ആചാരമാണ് താന്‍ നടത്തിയതെന്നും അല്ലാതെ അന്ധവിശ്വാസത്തിന് പുറത്ത് ചെയ്തതല്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഛത്തര്‍പൂരില്‍ നാളുകളായി മഴ ലഭിക്കുന്നില്ല. പ്രകൃതിയിലെ അസന്തുലിതാവസ്ഥയാണ് മഴ ലഭിക്കാത്തതിന് കാരണം. അതുകൊണ്ട് പ്രകൃതിയേയും ദൈവത്തിനേയും പ്രീതിപ്പെടുത്തുന്നതിനാണ് തവളകളെ വിവാഹം കഴിപ്പിച്ചത്. ഇത് പണ്ട് കാലത്തേ തുടര്‍ന്നുവരുന്നതാണ്. മുന്‍കാലങ്ങളില്‍ ഇത് ക്ഷേത്രത്തിലായിരുന്നു നടന്നിരുന്നതെന്നും മന്ത്രി പറഞ്ഞു.നാട്ടുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യേണ്ടപ്പോള്‍ ബി.ജെ.പി നേതാക്കള്‍ തവളക്കല്യാണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അലോക് ചതുര്‍വേദി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."