HOME
DETAILS
MAL
യമനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 20 പേർ കൊല്ലപ്പെട്ടു
backup
March 11 2019 | 09:03 AM
സൻആ: യുദ്ധം നടക്കുന്ന യമനിൽ ഔദ്യോഗിക സർക്കാർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 20 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിമത നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷനാണ് വീഡിയോ സഹിതം വാർത്ത പുറത്ത് വിട്ടത്. സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയാണ് ആക്രമണം നടത്തിയതെന്നും കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ബാക്കിയുള്ളവർ മുഴുവൻ സ്ത്രീകളുമാണെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹജ്ജയിലെ കുഷർ ജില്ലയിലെ തലൻ വില്ലേജിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം വ്യോമാക്രമണം നടന്നത്. ഇവിടെ ആൾതാമസമുള്ള കെട്ടിടത്തിന് നേരേയാണ് ആക്രമണം നടന്നതെന്നും സഊദി യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും ചാനൽ റിപ്പോർട്ട് ചെയ്തു. അഞ്ചു വീടുകൾ ഇവിടെ തകർന്നിട്ടുണ്ട്. വ്യോമാക്രമണം മൂലം ആംബുലൻസുകളും പാരാമെഡിക്കൽ സംഘങ്ങളും ഇവിടെ പ്രവേശിക്കുന്നത് ദുസ്സഹമാക്കിയെന്നും ചാനൽ ആരോപിച്ചു.
എന്നാൽ, സംഭവത്തെ കുറിച്ചു അറബ് സഖ്യ സേനയോ യമൻ സർക്കാരോ സൈന്യമോ പ്രതികരിച്ചിട്ടില്ല. നേരത്തെയും സഊദി യുദ്ധവിമാനം ലക്ഷ്യം തെറ്റി സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിനു മുകളിൽ പതിച്ചു നിരവധി കുട്ടികൾ മരിച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങളിൽ സഖ്യസേന പിന്നീട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."