22 വര്‍ഷത്തിന് ശേഷം ശംസുദ്ധീന്‍ നാട്ടിലെത്തി; സംസാര ശേഷിപോലും നഷ്ടപ്പെട്ട് കിടക്കയില്‍
ദമാം: വര്‍ഷങ്ങള്‍ നീണ്ട പ്രവാസം ജീവിതത്തിന് ശേഷം ശംസുദ്ധീന്‍ നാട്ടിലെത്തിയത് എഴുന്നേല്‍ക്കാന്‍ കഴിയാതെ, സംസാര ശേഷി പോലും നഷ്ടപ്പെട്ട്. തെലങ്കാന സില്‍സില സ്വദേശി ശംസുദ്ധീന്‍ ആണ് (48) ഒടുവില്‍ ജീവന്‍ മാത്രമായി നാട്ടിലെത്തിയത്. 22 വര്‍ഷക്കാലത്തെ പ്രവാസത്തിനു ശേഷം ആശുപത്രിക്കിടക്കയില്‍ നിന്നാണ് വിദഗ്ദ്ധ ചികിത്സക്കായി ഇദ്ദേഹത്തെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
22 വര്‍ഷം മുന്‍പ് സഊദിയിലെത്തിയ ഇദ്ദേഹം കാറ് വാടകക്കെടുത്ത വകയില്‍ നല്‍കാനുണ്ടായ 2800 റിയാല്‍ കുടിശികയാകുകയും തുടര്‍ന്ന് യാത്രാ വിലക്ക് വരികയും ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്ര തടസ്സപെട്ടു ഇവിടെ കഴിയുകയായിരുന്നു. ഇതിനിടെയാണ് രണ്ടു വര്‍ഷം മുന്‍പ് ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ രക്തം കട്ടപിടിച്ചു ഓര്‍മ ശക്തിയും ചലന ശേഷിയും നഷ്ടപ്പെടുകയും ചെയ്തതോടെ ആരുമായും ബന്ധമില്ലാത്ത ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടു.
ഒടുവില്‍ പത്ര വാര്‍ത്തകളുടെയും സാമൂഹ്യ മാധ്യമങ്ങളിലെയും ഇടപെടലിനെ തുടര്‍ന്ന് അല്‍ഹസയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരന്‍ എത്തിയതോടെയാണ് ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. രണ്ടു പതിറ്റാണ്ടു മുന്‍പ് സഊദിയിലെത്തിയ ഇദ്ദേഹം ഒരു കമ്പനിയില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യ്തിരുന്ന ഇദ്ദേഹത്തിന് രോഗം ബാധിച്ചതോടെ സ്‌പോണ്‍സര്‍ഷിപ്പിലല്ലാത്ത കമ്പനി കയ്യൊഴിയുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലായ ഇദ്ദേഹം രണ്ടു വര്‍ഷത്തോളമാണ് ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ ചലനമറ്റു കഴിഞ്ഞത്. ഇതിനിടയില്‍ കണ്ണുകള്‍ അടച്ചു തുറക്കുമെന്നല്ലാതെ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
ഏതായാലും നാട്ടിലേക്ക് കൊണ്ട് പോകാന്‍ ഒരുങ്ങിയപ്പോഴാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസ് മൂലം യാത്ര തടസ്സപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് റെന്റ് എ കാര്‍ കമ്പനി അധികൃതരുമായി സംസാരിച്ചതിന് തുടര്‍ന്ന് നിസഹായാവസ്ഥ ബോധ്യപ്പെട്ട കമ്പനി ഒടുവില്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് യാത്ര തടസം ഒഴിവായത്. ഹൈദരാബാദ് സ്വദേശിനിയായ നഴ്‌സിന്റെ സഹായം കൂടി ലഭ്യമായതോടെ ഇദ്ദേഹത്തെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. നിലവില്‍ കണ്ണുകള്‍ മാത്രം ചലിക്കുന്ന മറ്റു ശരീര ഭാഗങ്ങള്‍ ചലനമറ്റ രീതിയില്‍ കിടക്കുന്ന ഇദ്ദേഹത്തിനെ ആരോഗ്യം കൂടുതല്‍ ചികിത്സക്ക് ശേഷം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."