വിടവാങ്ങിയത് നാടിന്റെ നന്മയുടെ മുഖം
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിന്റെ മുക്കു മൂലകളില്‍ നിറഞ്ഞു നിന്ന നാട്ടുകാര്‍ക്ക് ഏറെ സുപരിചിതനും നാടിന്റെ നന്മയുടെ മുഖവുമായിരുന്ന മുതുവണ്ണാച്ചയിലെ അച്ചുതന്‍ നായരുടെ വിയോഗത്തില്‍ നാടൊന്നാകെ ദുഃഖത്തിലായി.
നടന്നു പോകുന്ന വഴിയിലെ തടസങ്ങള്‍ നീക്കിയും പ്രായവെത്യാസമില്ലാതെ എല്ലാവരോടും സുഖവിവരങ്ങള്‍ തിരക്കിയും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അച്ചുതന്‍ നായര്‍.
കടിയങ്ങാട് മുക്കില്‍ ഇറക്കുന്ന പത്രക്കെട്ടുകളുമായി ചങ്ങരോത്ത് പഞ്ചായത്തിന്റെ പല ഭാഗത്തും നടന്ന് വിതരണം ചെയ്യുന്ന അച്ചുതന്‍ നായര്‍ 80ന്റെ നിറവിലും ചുറുചുറുക്കോടെ തന്റെ സേവനം തുടരുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.
അതിരാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം നഗ്‌നപാതനായി കടിയങ്ങാട് അങ്ങാടിലേക്ക് നടന്ന് വരും, പത്രങ്ങള്‍ തരം തിരിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു പത്രവിതരണം നടത്തി വൈകുന്നേരത്തോടെ വീട്ടില്‍ തിരിച്ചെത്തുന്ന പതിവ് ശൈലിയില്‍ ആകെ ഉണ്ടായ മാറ്റം കഴിഞ്ഞ കുറച്ച് കാലമായ് ചെരിപ്പ് ധരിക്കാന്‍ തുടങ്ങി എന്നത് മാത്രമാണ്.
50 വര്‍ഷത്തിലധികമായി ദിവസം ചുരുങ്ങിയത് 20 കിലോമീറ്ററെങ്കിലും നടത്തം പതിവാക്കിയ നായരോട് മൂന്ന് കിലോമീറ്റര്‍ നടക്കാന്‍ നിര്‍ദേശിച്ച ഡോക്ടറുടെ ശീട്ട് കീറിയില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.
പത്ര പ്രവര്‍ത്തന രംഗത്തെ മറക്കാനാവാത്ത അനുഭവങ്ങള്‍ പറയാന്‍ പറഞ്ഞാല്‍ നായര് ആദ്യം പറയുക ഇന്ദിരാഗാന്ധിയുടെ മരണ ദിവസം പത്രത്തിനുണ്ടായ തിക്കും തിരക്കുമാണ്. 800 കോപ്പിയുണ്ടായിരുന്നിടത്ത് ആയിരത്തിലധികം പത്രം ഇറക്കിയിട്ടും പത്രം മതിയായില്ല. ഒടുവില്‍ പത്രത്തിന് വേണ്ടി ജനങ്ങള്‍ അടിയിലും ബഹളത്തിലുമെത്തിയത് നായര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് .
ഉള്‍നാടുകളിലേക്ക് പത്രമെത്തിക്കാന്‍ കുട്ടികളെ കിട്ടാത്തതും മറ്റ് പത്രങ്ങളുടെയും ഏജന്‍സികളുടെയും ബാഹൂല്യവും ഇന്ന് 250 കോപ്പിയായി ചുരുങ്ങിയെങ്കിലും നായര്‍ ഇന്നും ഹാപ്പിയോടെയാണ് വിതരണം തുടര്‍ന്നത്.
തികഞ്ഞ മതേതര വാദിയും കറകളഞ്ഞ കോണ്‍ഗസുകാരനുമായ നായര്‍ നല്ലൊരു സഹൃദയനാണ് പത്രവിതരണത്തിനിടെ സൗഹൃദങ്ങള്‍ പങ്ക് വെക്കാനും നര്‍മങ്ങള്‍ ആസ്വദിക്കാനും സമയം കണ്ടെത്തുന്ന നായരുടെ ദേഷ്യം പിടിച്ച മുഖം ജനങ്ങളൊന്നും ഇത് വരെ കണ്ടിട്ടില്ല. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും മാത്രം ധരിക്കുന്ന നായരുടെ വസ്ത്രത്തിലെ കറുപ്പ് പാടുകളെ പറ്റി ചോദിച്ചാല്‍ പറയും ഇത് കരിയല്ല അക്ഷരങ്ങളെ മാറോട് ചേര്‍ത്തതിന്റെ പാടുകള്‍ ആണന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."