സരസമ്മയ്ക്ക് ഇനി ആശ്രയ തണലേകും
കരുനാഗപ്പള്ളി: സ്വന്തം പേരില്‍ ഉണ്ടായിരുന്ന സ്വത്തുക്കളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് നോക്കാനാരുമില്ലാതെ പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിഞ്ഞു വന്നിരുന്ന സരസമ്മ എന്ന എഴുപത്തിയഞ്ചുകാരിയെ കൊട്ടാരക്കര കലയപുരം ആശ്രയ ഭവന്‍ ഏറ്റെടുത്തു.
കരുനാഗപ്പള്ളി സ്വദേശിനിയായ സരസ്സമ്മയുടെ ഭര്‍ത്താവ് വളരെക്കാലം മുന്‍പ് ഉപേക്ഷിച്ചു പോയിരുന്നു. ഏക മകള്‍ 36 വര്‍ഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരിക്കുക കൂടി ചെയ്തതോടെ പിന്നീട് ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. സ്വന്തം പേരിലുണ്ടായിരുന്ന വസ്തുക്കളില്‍ ഭൂരിഭാഗവും തന്നെ സംരക്ഷിച്ച് കൊള്ളാം എന്ന ഉറപ്പില്‍ ഒരാള്‍ തട്ടിയെടുത്തതായും സരസമ്മ പറയുന്നു. ഈ വസ്തു പിന്നീട് മറിച്ച് വില്‍ക്കപ്പെടുകയും ചെയ്തു. രണ്ടു സഹോദരങ്ങളുണ്ടായിരുന്നതില്‍ ഒരാള്‍ മരിച്ചു. സ്വത്തുവകകള്‍ നഷ്ടമായതോടെ മറ്റു ബന്ധുക്കളും നോക്കാതെയായി.
പ്രായാധിക്യവും രോഗവും നിമിത്തം എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായ ഇവര്‍ നഗരസഭയുടെ കീഴില്‍ തുറയില്‍ കുന്നില്‍ പ്രവര്‍ത്തിച്ച് വന്ന പകല്‍ വീട്ടിലാണ് കഴിഞ്ഞ് വന്നത്. എന്നാല്‍ പകല്‍ വീട് തീരദേശ ആശുപത്രിക്കായി ഒഴിപ്പിക്കപ്പെട്ടതോടെ ഇവര്‍ക്കു ഇവിടെ നിന്നും ഇറങ്ങേണ്ടി വന്നു. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മി ഹെല്‍ത്ത് ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തക അജിത എത്തി സരസമ്മയെ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ എത്തിച്ചു. കൂട്ടിരിപ്പുകാരില്ലാതെ രോഗിയെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും ഇവിടുത്തെ മെഡിക്കല്‍ ഡോ. മിനിയുടേയും, പ്രവര്‍ത്തകരുടേയും ശ്രമഫലമായി ആശുപത്രിയില്‍ താല്‍ക്കാലിക സൗകര്യമൊരുക്കി.
തുടര്‍ന്ന് പാലിയേറ്റീവ് സംഘടനാ ഭാരവാഹികള്‍ ആശ്രയുടെ മേധാവികലയപുരം ജോസുമായി ബന്ധപ്പെട്ടു സരസമ്മയെ സംരക്ഷിച്ച് ഏറ്റെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."