നാല് മാസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാന്‍ തീരുമാനം
മട്ടാഞ്ചേരി:സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് അടിയന്തിരമായി പരിഹാരമുണ്ടാക്കുവാന്‍ തീരുമാനം.ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ കൂടിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാവിലെ ആശുപത്രിയിലെത്തിയ കളക്ടര്‍ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കി.
ഇവിടെ നിന്ന് മറ്റ് ആശുപത്രിയിലേക്ക് വര്‍ക്കിംഗ് അറേജ്മെന്റില്‍ മറ്റിടങ്ങളിലേക്ക് പോയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ച് വിളിക്കും.പത്തോളം നേഴ്സിംഗ് സ്റ്റാഫും ഒരു ഡോക്ടറുമാണ് ഇവിടെ നിന്ന് പോയിട്ടുള്ളത്.ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്റര്‍,ലാബ്,സ്കാനിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കും.സഹായത്തിന് നേഴ്സില്ലാത്തതിനാല് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റേഡിയോളജിസ്റ്റ് സേവനം നിര്‍ത്തിയിരുന്നു.
ഇത് മൂലം ഇവിടെ വരുന്ന സാധാരണക്കാര്‍ പുറത്ത് നിന്നാണ് സ്കാന്‍ ചെയ്യുന്നത്.ഇതിന് പരിഹാരം കാണാന്‍ സഹായിയായി ഒരു നേഴ്സിനെ നിയമിക്കുവാന്‍ തീരുമാനിച്ചു.ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടേയും സഹായം തേടും.ആശുപത്രിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഡിവിഷന് കൗണ്‍സിലറും മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ടി.കെ.അഷറഫ് പറഞ്ഞു.ആശുപത്രിയുടെ ചുമതല നഗരസഭക്ക് കൈമാറണമെന്നും യോഗത്തില്‍ ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.ആശുപത്രിയിലേക്ക് ചീഫ് കണ്‍സള്‍ട്ടന്റിനെ നിയമിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നതായി ടി.കെ.അഷറഫ് വ്യക്തമാക്കി.വിഷയം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച ചെയ്യാമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.ആശുപത്രിയില്‍ ചികില്‍സ തേടി വരുന്ന ഗര്‍ഭിണികളെ അവസാന നിമിഷം മറ്റിടങ്ങളിലേക്ക് മടക്കി അയക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്.യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് കെ.കെ.ആശയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."