നോർക്ക ഹെൽപ്പ് ഡെസ്‌കിന് മലബാർ ഗോൾഡ് 11 ടൺ ഭക്ഷ്യധാന്യങ്ങൾ കൈമാറി
ദമാം: കിഴക്കൻ പ്രവിശ്യയിലെ നോർക്ക ഹെൽപ്പ് ഡെസ്‌കിന് സഹായ ഹസ്‌തവുമായി മലബാർ ഗോൾഡ് കമ്പനി. കൊറോണ രോഗബാധ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾക്ക് വിതരണം ചെയ്യാനായി മലബാർ ഗോൾഡ് പതിനൊന്നു ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ നോർക്ക ഹെൽപ്പ് ഡെസ്‌കിന് കൈമാറി. ഒരു ലക്ഷം റിയാലിലധികം വിലവരുന്ന സാധനങ്ങളാണ് കൈമാറിയത്. കിഴക്കൻ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌തു കൊണ്ട്, കഴിഞ്ഞ ഒരു മാസമായി നോർക്ക ഹെൽപ്പ്ഡെസ്ക്ക് നടത്തുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസാധനങ്ങൾ കൈമാറിയതെന്ന് മലബാർ ഗോൾഡ് കമ്പനി സഊദി അറേബ്യ റീജിണൽ ഡയറക്ടർ ഗഫൂർ ഇടക്കുന്നി അറിയിച്ചു.
ഹെൽപ്പ്ഡെസ്ക്കിൽ ലഭിയ്ക്കുന്ന അഭ്യർത്ഥനകൾ അനുസരിച്ചു, ദുരിതത്തിലായ പ്രവാസികൾക്ക് ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്യുന്ന നോർക്കയുടെ പ്രവർത്തനങ്ങൾക്ക് ഇതൊരു വലിയ മുതൽകൂട്ടാകുമെന്നും മലബാർ ഗോൾഡ് കമ്പനിയുടെ ഈ സേവനത്തിനു നന്ദി പറയുന്നതായും നോർക്ക ഹെൽപ്പ്ഡെസ്ക്ക് ജനറൽ കൺവീനറും ലോക കേരള സഭാംഗവുമായ ആൽബിൻ ജോസഫ് പറഞ്ഞു. സഊദി ഇന്ത്യൻ പ്രവാസിസമൂഹത്തിൽ നിന്നും, സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള അധികാരികളിൽ നിന്നും വൻപിച്ച പിന്തുണയാണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് ലഭിയ്ക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനാ കൂട്ടായ്മകളുടെ സഹകരണത്തോടെ പത്ത് ടണ്ണോളം വരുന്ന ഭക്ഷ്യ വിഭവങ്ങളും, മെഡിക്കല്‍ സേവനങ്ങളുമാണ് നോര്‍ക്കാ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി ഇതിനകം വിതരണം ചെയ്‌തിട്ടുണ്ട്. നോര്‍ക്ക ലീഗല്‍ സെല്‍ അംഗങ്ങള്‍, ലോക കേരള സഭാ അംഗങ്ങള്‍, പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."