സഊദി-ഇന്ത്യന്‍ എണ്ണ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
റിയാദ്: സഊദി ഊര്‍ജ്ജ, എണ്ണമന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹും ഇന്ത്യന്‍ എണ്ണമന്ത്രി ധര്‍മേന്ദ്ര പ്രധാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ധനാഢ്യരില്‍ പ്രമുഖനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ ചടങ്ങിനെത്തിയപ്പോഴാണ് ഡല്‍ഹില്‍ വച്ച് ഇരുമന്ത്രിമാരും ഔദ്യോഗികമായി കൂടിക്കാഴ്ച്ച നടത്തിയത്. മൂന്നാഴ്ച്ചക്കിടെ സഊദി ഊര്‍ജ്ജ മന്ത്രിയുടെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വര്‍ധിക്കുന്നത് പരിധി കടക്കുന്നത് ഇന്ത്യക്ക് ആഭ്യന്തര വിപണിയില്‍ കടുത്ത തിരിച്ചടിയാണെന്നതിനാല്‍ സഊദി വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യണമെന്നും അന്താരാഷ്ട്ര വിപണിയില്‍ സഊദി സജീവമായ പങ്ക് വഹിക്കണമെന്നും സഊദി ഊര്‍ജ്ജ മന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഉദൈപൂരില്‍ നടന്ന അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ കല്യാണത്തിന് മുന്നോടിയായി നടന്ന ചടങ്ങിലും ഖാലിദ് അല്‍ ഫാലിഹ് സംബന്ധിച്ചിരുന്നു.
കഴിഞ്ഞ മാസം മൂന്നാം ആഴ്ച്ച സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഉന്നത സംഘത്തിലെ പ്രധാനിയായി ഖാലിദ് അല്‍ ഫാലിഹ് ഇന്ത്യയിലെത്തിയിരുന്നു. ഇതിനു മുന്‍പ് 2018 ഡിസംബറില്‍ അംബാനിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ സഊദി അരാംകോയും റിലയന്‍സ് കമ്പനിയും തമ്മില്‍ പെട്രോകെമിക്കല്‍, റിഫൈനറി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സഹകരണം പ്രഖ്യാപിച്ചു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം നടന്ന കിരീടാവകാശിയുടെ സന്ദര്‍ശനത്തിലെ അംഗമായ സഊദി അരാംകോ സി.ഇ.ഒ അമീന്‍ അല്‍ നാസര്‍ റിലയന്‍സുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ജാംനഗറില്‍ 68.2 മില്യണ്‍ ടണ്‍ പ്രതിവര്‍ഷ ശേഷിയുള്ള രണ്ടു റിഫൈനറികള്‍ റിലയന്‍സ് നടത്തി വരുന്നുണ്ട്. നിലവില്‍ കയറ്റുമതിക്കായി എസ്.ഇ.എസ് ശുദ്ധീകരണ ശേഷി 35.2 മില്യണ്‍ ടണ്‍ ശേഷിയില്‍ നിന്നും 41 മില്യണ്‍ ടണ്‍ ശേഷിയിലേക്ക് ഉയര്‍ത്താനായി റിലയന്‍സ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പുതിയ റിഫൈനറികള്‍ രാജ്യത്ത് നിര്‍മിക്കാന്‍ പദ്ധതികളില്ല. പകരം പെട്രോകെമിക്കല്‍ പ്ലാന്റുകളിലേക്കാണ് റിലയന്‍സ് കണ്ണ് വെച്ചിരിക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അബുദാബിയിലെ അഡ്‌നോക്, സഊദി അരാംകോ സംയുക്തതയില്‍ 44 ബില്യണ്‍ ചിലവില്‍ ഉയരുന്ന ശുദ്ധീകരണ ശാല 2025 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. റിഫൈനറിക്ക് വേണ്ട പകുതി ക്രൂഡ് ഓയിലും രണ്ടു എണ്ണക്കമ്പനികളുമായിരിക്കും നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."