HOME
DETAILS
MAL
എല്ലാ തീരുമാനങ്ങളും മൂന്നു നേതാക്കളില്‍ കേന്ദ്രീകരിച്ച്
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും മൂന്ന് നേതാക്കള്‍ മാത്രം ആലോചിച്ച് തീരുമാനിക്കുന്നതിനെതിരേ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍ മൂന്ന് നേതാക്കള്‍മാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിന് പകരം എല്ലാവരുമായും കൂടിയാലോചന വേണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
പ്രധാന നേതാക്കള്‍ തീരുമാനമെടുക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ അതിന് മുന്‍പ് എല്ലാവരുമായും കൂടിയാലോചന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സിക്ക് സെക്രട്ടറിമാരുടെ ജംബോ പട്ടിക ആവശ്യമില്ലെന്ന് പി.ജെ.കുര്യനും കെ.മുരളീധരനും പറഞ്ഞു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന്റെ ചുമതല രണ്ടുപേര്‍ക്ക് വീതിച്ചുനല്‍കിയത് ശരിയായില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍, കോഴിക്കോട് ഡി.സി.സികള്‍ക്ക് അടിയന്തിരമായി പൂര്‍ണസമയ പ്രസിഡന്റുമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി ഭാവാഹികളുടെ സംഘടനാ ചുമതല വിഭജനം എത്രയും വേഗം നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ നടപടിവേണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വാര്‍ഡ് കമ്മിറ്റികളുടെ അഭിപ്രായത്തിന് മുന്‍ഗണന നല്‍കാനും യോഗത്തില്‍ ധാരണയായി.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലനേതാക്കള്‍ സര്‍ക്കാരിനെ പുകഴ്ത്തികൊണ്ട് രംഗത്തുവരുന്നതിനെതിരേ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗാര്‍ഡിയന്‍ പത്രത്തില്‍ മന്ത്രി കെ.കെ. ശൈലജയെക്കുറിച്ച് വന്ന ഖേലനം ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ച് പ്രശംസിച്ച ശശി തരൂര്‍ എം.പിയുടെ പേര് എടുത്തുപറഞ്ഞായിരുന്ന വിമര്‍ശനം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സി.പി.എമ്മിന്റെ സൈബര്‍ പോരാളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്ഷേപങ്ങള്‍ ചൊരിയുകയാണ്. അപ്പോഴാണ് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ സര്‍ക്കാരിനെ പുകഴ്ത്തി കൈയടി നേടാനുള്ള ശ്രമം നടത്തുന്നത്. ഇത്തരത്തില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടുന്ന നേതാക്കളുടെ രീതി പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് പി.സി.വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയെന്ന നിലയില്‍ സി.പി.എമ്മിന് ഇപ്പോഴും മുന്‍കൈയുണ്ട്. പക്ഷെ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ പലതും നടപ്പാകുന്നില്ല. ഇക്കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."