HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാക്കള്‍ വാളയാറില്‍ പോയ സംഭവം: സി.പി.എം പ്രചാരണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ സി.പി.എം പ്രചാരണത്തെ പ്രതിരോധിക്കാന്‍ ശക്തമായി രംഗത്തുവരാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനം. പ്രവാസികള്‍ രോഗവാഹകരാണെന്ന് പ്രചരിപ്പിക്കാന്‍ വികൃതമനസുകള്‍ക്കേ സാധിക്കൂവെന്നും അതാണ് സി.പി.എം ചെയ്യുന്നതെന്നും രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ സി.പി.എം രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. പ്രവാസികള്‍ മരണത്തിന്റെ വ്യാപാരികളാണെന്ന നെറികെട്ടതും വസ്തുതാവിരുദ്ധവുമായ ആരോപണമാണ് സി.പി.എം നടത്തുന്നത്. കൊവിഡിനെവച്ച് അത്യന്തം വില കുറഞ്ഞ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരാന്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ പാസുമായെത്തിയവര്‍ മണിക്കൂറുകളോളമാണ് ദുരിതമനുഭവിച്ചത്. സഹോദരിമാര്‍ക്ക് പോലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യമവിടെയില്ലായിരുന്നു. അത്രയും ദയനീയ സ്ഥിതിയായതിനാലാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സഹായിക്കാന്‍ അവിടെ ചെന്നത്. ഒരു തരത്തിലുള്ള ആരോഗ്യ നിബന്ധനകളും അവര്‍ മറികടന്നിട്ടില്ല. സി.പി.എമ്മിന്റെ മന്ത്രിമാര്‍ തുടരെത്തുടരെ ആരോഗ്യ നിബന്ധനകള്‍ ലംഘിച്ച് വിലകുറഞ്ഞ പ്രചരണത്തിന് ശ്രമിക്കുന്നതിനെ ന്യായീകരിക്കുന്നു. എം.പിമാരും എം.എല്‍.എമാരും മനുഷ്യത്വപരമായാണ് അവിടെ ഇടപെട്ടത്. മനുഷ്യത്വഹീനമായി എന്തെങ്കിലും അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റമേറ്റെടുക്കാന്‍ തയാറാണ്.
പിറന്ന നാട്ടിലേക്ക് വരാനുള്ള സ്വാതന്ത്ര്യം ഭരണഘടന പ്രവാസികള്‍ക്കും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവരിങ്ങോട്ട് വരാതിരിക്കാനാണ് സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത്. നാല് ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ഏതാനും വിമാനങ്ങളിലായി 560 പേര്‍ മാത്രമെത്തിയിട്ടും മതിയായ ക്വാറന്റൈന്‍ സംവിധാനമൊരുക്കുന്നില്ല. ഇന്ത്യയിലേറ്റവും കുറവ് ടെസ്റ്റുകള്‍ നടത്തുന്നത് കേരളത്തിലാണ്. ഒരു ദിവസം ഇവിടെ എത്ര ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദമാക്കണം. 462 ശ്രമിക് ട്രെയിനുകള്‍ രാജ്യത്ത് തലങ്ങും വിലങ്ങും ഓടുമ്പോള്‍ കേരളത്തില്‍ മറുനാടന്‍ മലയാളികള്‍ക്കായി ഒറ്റ ട്രെയിനും ഓടിയില്ല. പഞ്ചാബില്‍ നിന്ന് എത്ര മലയാളികളെ വേണമെങ്കിലും നാട്ടിലേക്കെത്തിക്കാമെന്നറിയിച്ച് അവിടത്തെ മുഖ്യമന്ത്രി മൂന്ന് തവണ കത്ത് നല്‍കിയിട്ടും കേരളം നിരസിച്ചു.
ഇതാണോ അനുകമ്പയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കൊവിഡിന്റെ മറവില്‍ രാജ്യമാകെ വിറ്റുതുലയ്ക്കാനും സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."