നാദാപുരത്ത് പൊലിസിനെതിരേ ഡി.വൈ.എഫ്.ഐയും പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്
നാദാപുരം: നാദാപുരത്തെ പൊലിസ് നിഷ്‌ക്രിയമാണെന്ന ആരോപണവുമായി ഭരണ കക്ഷിയും രംഗത്ത്. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇന്ന് നാദാപുരം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ നാദാപുരം പൊലിസ് തയാറാകണമെന്നും, തെരുവംപറമ്പ് , വിഷ്ണുമംഗലം പ്രദേശങ്ങളിലുണ്ടായ അക്രമങ്ങളിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത് .
പൊലിസിലെ നീതി നിഷേധത്തിനെതിരേ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നാദാപുരത്ത് നിരന്തര സമരത്തിലാണ്.
ഇതിനിടയിലാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരിക്കുന്നത്. തെരുവം പറമ്പ്. പയന്തോങ്, ചേലക്കാട് പ്രദേശങ്ങളില്‍ ഒരുവര്‍ഷത്തിനിടെ നിരവധി തീവയ്പ്പും സ്‌ഫോടന സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരാതികളില്‍ പൊലിസ് കേസെടുത്തതല്ലാതെ ഒരാളെപ്പോലും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സി.പി.എം സമ്മര്‍ദത്തിന് വഴങ്ങി പൊലിസ് പ്രതികളെ സംരക്ഷിക്കുന്നതായി യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.
സര്‍ക്കാറിന്റെ പൊലിസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലിസാണ് നാദാപുരത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ചാലപ്പുറം വെള്ളൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം കേസ് മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ സി.പി.എം അടിച്ചേല്‍പ്പിച്ച സമ്മര്‍ദമാണ് നാദാപുരത്തെ പൊലിസിനെ നിഷ്‌ക്രിയമാക്കിയതെന്നും സ്വതന്ത്രമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."