വേമ്പനാട്ടു കായലോരം ഭൂമാഫിയ കൈയടക്കുന്നു
ചേര്‍ത്തല: വേമ്പനാട്ടു കായലോരത്തെ പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കുന്നു. കൈയേറ്റം നിയന്ത്രിക്കേണ്ട അധികൃതര്‍ ഇക്കൂട്ടര്‍ക്ക് ഒത്താശചെയ്യുകയാണെന്നും ആക്ഷേപം ഉയരുന്നു.
കായലിനുസമീപമുള്ള സ്ഥലങ്ങളും, പാടശേഖരങ്ങളും, ജലാശയങ്ങളും നീര്‍ത്തട നിയമം ലംഘിച്ച് നികത്തുകയാണ്. പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം, തൈക്കാട്ടുശേരി, പള്ളിപ്പുറം കായലോര പ്രദേശങ്ങളിലാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. എറണാകുളം ജില്ലയോട് അടുത്തുകിടക്കുന്ന വേമ്പനാടുകായലിന്റെ തീരപ്രദേശങ്ങളിലാണ് നികത്തല്‍ വ്യാപകമായി നടക്കുന്നത്. നികത്തല്‍ വ്യാപകമായതോടെ പരിസ്ഥിതി പ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും പ്രദേശത്ത് രൂക്ഷമാണ്.
റവന്യൂ-പോലീസ് അധികാരികള്‍ നികത്തലിന് ഒത്താശ ചെയ്തു നല്കുകയാണെന്ന ആക്ഷേപവുമായി ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിട്ടുണ്ട്. ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടുന്ന ഇക്കൂട്ടര്‍ ഭൂമി നല്‍കാത്തവരെ ഭീഷണിപ്പെടുത്തിയും ഭൂമി സ്വന്തമാക്കുകയും ചെയ്യാറുണ്ട്. ഇത്തരം തിരിമറിക്ക് റവന്യൂ അധികൃതര്‍ ഒത്താശ ചെയ്യുന്നതായും നാട്ടുകാര്‍ പറയുന്നു.
ഏക്കറുകണക്കിന് പാടശേഖരങ്ങളാണ് ഇവിടെ രാത്രിയില്‍ പൂഴി കൊണ്ടുവന്ന് നികത്തുന്നത്. നികത്തുന്നത് തടയാന്‍ എത്തുന്നവരെ ഭൂമാഫിയ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തുന്നുണ്ടെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അപ്രത്യക്ഷമാകുകയാണ് പതിവ്.
നിലം നികത്തുന്നത് നാട്ടുകാര്‍ വില്ലേജ് അധികൃതരെ അറിയിച്ചാല്‍ സ്റ്റോപ്പ് മെമ്മോ ഉടമയ്ക്ക് നല്‍കിയെന്ന ഒഴുക്കന്‍ മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്. ഇവയുടെ പകര്‍പ്പ് പോലീസ് സ്റ്റേഷന്‍, കൃഷി ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണമെന്ന നിയമം വില്ലേജ് അധികൃതര്‍ ബോധപൂര്‍വം അട്ടിമറിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
മറ്റ് സര്‍ക്കാര്‍ ഓഫീസിലേക്ക് പോകേണ്ട രേഖകള്‍ വില്ലേജ് ഓഫീസുകളില്‍ ചവിട്ടിത്താഴ്ത്തുന്നതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുകളും ലക്ഷങ്ങളുടെ ഇടപാടും നടക്കുന്നുണ്ടെന്നാണ് ആരോപണം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അനധികൃത കൈയേറ്റത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന കൈയേറ്റത്തിനെതിരെ സ്ഥലം ഉടമ പഞ്ചായത്തില്‍ പരാതി നല്കിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും റിസോര്‍ട്ട് മാഫിയ ഈ പ്രദേശം കൈയേറി അനധികൃതമായി കെട്ടിടം നിര്‍മിച്ചതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് സ്ഥലം ഉടമ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."