മൂന്നാറിലെ വീട് നിര്‍മാണം: എന്‍.ഒ.സി പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സാധാരണക്കാരേയും കൃഷിക്കാരേയും ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 2010ല്‍ ഹൈകോടതി നിര്‍ദേശ പ്രകാരമാണ് എന്‍.ഒ.സി നിര്‍ബന്ധമാക്കിയത്. അതിനാല്‍ ഹൈകോടതി ഉത്തരവിനെ മറികടന്ന് തീരുമാനം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിര്‍ദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് താഴേത്തട്ടിലേക്കെത്തിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എട്ട് വില്ലേജുകളില്‍ എന്‍.ഒ.സി നല്‍കാത്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണിയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. സര്‍ക്കാര്‍ തീരുമാനത്തില്‍ നട്ടംതിരിയുന്നത് ജനങ്ങളാണെന്ന് കെ.എം. മാണി അടിയന്തര പ്രമേയത്തിന് അനുമതി തേടി കൊണ്ട് ചൂണ്ടിക്കാട്ടി. വന്‍കിടക്കാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമ്പോള്‍ സാധാരണ കര്‍ഷകര്‍ക്ക് വീട് നിര്‍മിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കുന്നില്ല. എട്ട് വില്ലേജുകളിലെ ഉത്തരവ് പിന്‍വലിക്കമെന്നും മാണി പറഞ്ഞു.
എന്‍.ഒ.സി വിഷയത്തില്‍ മാണിയെ പിന്തുണച്ച് സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനും രംഗത്തെത്തി. മാണിയുടെ അഭിപ്രായം തന്നെയാണ് മൂന്നാറിലെ കര്‍ഷകര്‍ക്കിടയിലുള്ളതെന്ന് രാജേന്ദ്രന്‍ സഭയില്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയത് സര്‍ക്കാര്‍ അറിയാതെ ആണ്. ഇവന്റ് മാനേജ്‌മെന്റില്‍ ബിരുദമെടുത്ത ചില ഉദ്യോഗസ്ഥരാണ് മൂന്നാറിലെ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.
കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സി.പി.ഐ എം.എല്‍.എ ഇ.എസ്. ബിജി മോളും കേരളാ കോണ്‍ഗ്രസ് എം. എം.എല്‍.എ റോഷി അഗസ്റ്റിനും ആവശ്യപ്പെട്ടു.
അതിനിടെ അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."