കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡ്: 25 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ
കടുത്തുരുത്തി: കോട്ടയം എറണാകുളം സംസ്ഥാന പാതക്ക് സമാന്തരമായി വിഭാവനം ചെയ്തിട്ടുള്ള കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണം പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി 25 കോടി രൂപയുടെ വികസനപദ്ധതിയാണ് നടപ്പാക്കുന്നത്.
കടുത്തുരുത്തി ഐ.റ്റി.സി. ജങ്ഷന്‍ മുതല്‍ ബ്ലോക്ക് ജങ്ഷന്‍ വരെയുള്ള ഭാഗത്താണ് ടൗണ്‍ ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാകുന്നത്. വലിയതോടിനും ചുള്ളിത്തോടിനും കുറുകെ പുതിയ രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കുന്നതോടൊപ്പം കടുത്തുരുത്തി വലിയപള്ളിക്കും, പഴയ താഴത്തുപള്ളിക്കും ഇടയിലായി മിനി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച പ്രോജക്ടിന് ടെക്‌നിക്കല്‍ സാങ്ഷന്‍ ലഭിച്ചതായി മോന്‍സ് ജോസഫ് വ്യക്തമക്കി.
കടുത്തുരുത്തി ബൈപ്പാസ് റോഡ് നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സൂപ്രണ്ടിങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. രണ്ടുമാസത്തിനുള്ളില്‍ പാലത്തിന്റെയും റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സൂപ്രണ്ടിങ്എന്‍ജിനീയര്‍ വി.വി. ബിനുവിന്റെയും എം.എല്‍.എ.യുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ചയിലാണ് ഈ തീരുമാനമുണ്ടായത്. കോട്ടയം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീനാ രാജന്‍ കടുത്തുരുത്തി അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാജന്‍ ഡി, അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ ഗിരീഷ് ജി., എന്നിവര്‍ സ്ഥലപരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ടൗണില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ബൈപ്പാസ് റോഡിനു കുറുകെ കടക്കാതെ സുരക്ഷിതമായ അണ്ടര്‍പാസ് സൗകര്യം വിശാലമായ നിലയില്‍ ലഭിക്കാന്‍ ഫ്‌ളൈ ഓവര്‍ പ്രയോജനപ്രദമാകും. മണ്ണുനിറച്ച് റോഡ് രൂപപ്പെടുത്തുന്ന പ്രവര്‍ത്തനം പരമാവധി സ്ഥലങ്ങളില്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വലിയ തോടിനു കുറുകെ വരുന്ന പാലത്തിലുള്ള സ്പാനിന്റെ നീളം വര്‍ധിപ്പിച്ച് തീരദേശ റോഡ് പാലത്തിനുതാഴേക്കൂടി സുരക്ഷിതമായി ക്രമീകരിക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റോഡിന്റെ ഇരുവശത്തേക്കും സുഗമമായി വെള്ളം ഒഴുകിപ്പോകാന്‍ കഴിയുന്ന നിലയില്‍ നാലു സ്ഥലങ്ങളില്‍ പൈപ്പ് വര്‍ട്ടുകള്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് നിര്‍മാണം പുരോഗമിക്കുന്ന സന്ദര്‍ഭത്തില്‍ വെള്ളക്കെട്ട് സാഹചര്യങ്ങള്‍ പ്രത്യേകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു. കടുത്തുരുത്തി ബൈപ്പാസ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഐ.റ്റി.സി. ജംങ്ഷനും, ബ്ലോക്ക് ജങ്ഷനും ഏറ്റവും ശ്രദ്ധേയമായ നിലയില്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി ഐ.റ്റി.സി. കവലയില്‍ നിന്നും ബൈപ്പാസ് റോഡിലേക്കുവരുന്ന ഭാഗം വീതികൂട്ടി വികസിപ്പിക്കും. സെന്റ് മൈക്കിള്‍സ് ബേസ്‌ലാമന്ദിരം വഴി വരുന്ന ഓള്‍ഡ് റോഡും ലഭ്യമായ സ്ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്തി നവീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."