ഇനി തത്സമയം ജലസ്രോതസുകളിലെ വെള്ളത്തിന്റെ അളവറിയാം
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കെയിലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മുക്കം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജലസ്രോതസുകളിലെ ജലലഭ്യത അറിയാന്‍ സംസ്ഥാനത്തുടനീളം സ്‌കെയിലുകള്‍ സ്ഥാപിക്കാനൊരുങ്ങി ഹരിത കേരളം മിഷന്‍.
ജലസ്രോതസുകളില്‍ ഓരോ സമയത്തുമുള്ള ജലത്തിന്റെ അളവ് അറിയുന്നതിനും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജലസ്രോതസുകളിലും സ്‌കെയിലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിത കേരളം മിഷന്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി.
സ്‌കെയിലിലെ അളവ് നോക്കി ഓരോ സമയത്തും ജലസ്രോതസില്‍ എന്തുമാത്രം ജലം ലഭ്യമാണെന്ന് പൊതുജനങ്ങള്‍ക്ക് കൂടി അറിയാന്‍കഴിയുന്ന രീതിയിലുള്ള പട്ടിക ഉള്‍പ്പെടുന്ന ബോര്‍ഡും സ്‌കെയിലിന് സമീപം സ്ഥാപിക്കും. ഈ അളവുകള്‍ തദ്ദേശഭരണ സ്ഥാപന തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്രോഡീകരിച്ച് വിവരങ്ങള്‍ എല്ലാ സമയത്തും ലഭ്യമാകത്തക്ക തരത്തില്‍ ജിയോടാഗിങ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഇതിനായി തയാറാക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും പ്രാദേശികമായുള്ള ജലലഭ്യതയും ഗുണനിലവാരവും അറിയാനും അതനുസരിച്ച് ജലവിതരണം, പരിപാലനം എന്നിവ ആസൂത്രണം ചെയ്യുന്നതിനുമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ സഹായത്തോടെ കോസ്റ്റ് ഫോര്‍ഡിനെയാണ് സ്‌കെയിലുകള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."