ഡിഫ്തീരിയബാധ സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ച് വിവരമില്ല
ഫറോക്ക്: ഡിഫ്തീരിയബാധ സംശയിച്ച് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ച് വിവരമില്ല. കോടമ്പുഴ പള്ളിമേത്തലില്‍ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി തരുണിനെ(21) കുറിച്ചാണു വിവരമില്ലാത്തത്.
ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ തൊണ്ട വേദനയ്ക്കു ചികിത്സ തേടിയെത്തിയ ഇയാളില്‍ ഡിഫ്തീരിയ ബാധിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രോഗി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടിനാണു പനിയും തൊണ്ട വേദനയുമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇയാള്‍ ജോലിചെയ്ത സ്ഥലം അന്വേഷിച്ച് കോടമ്പുഴ പള്ളിമേത്തലിലെ 14 കമ്പനികളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അധികൃതര്‍ തെരച്ചില്‍ നടത്തി. കോടമ്പുഴ, പള്ളിമീത്തല്‍, പരുത്തിപ്പാറ പ്രദേശങ്ങളിലായി ചെരുപ്പ് അപ്പര്‍ സ്റ്റിച്ചിങ്, പേപ്പര്‍ ബോക്‌സ് നിര്‍മാണം തുടങ്ങി 60ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏതിലാണു രോഗം ബാധിച്ചയാള്‍ ജോലി ചെയ്തിരുന്നതെന്നതിനു വ്യക്തമായ വിവരമില്ലാത്തതാണ് അധികൃതരെ കുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."