കാത്തിരുന്ന് പാസ് കിട്ടി; അതിര്‍ത്തി കടക്കും മുന്‍പ് പിതാവിനൊപ്പം ആ കുരുന്നും വഴിയില്‍ പൊലിഞ്ഞു
സ്വന്തം ലേഖകന്‍
കോടഞ്ചേരി(കോഴിക്കോട്): കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന കുടുംബത്തിന് ഒടുവില്‍ കാത്തിരുന്നു അതിര്‍ത്തി കടക്കാനുള്ള പാസ് കിട്ടി. എന്നാല്‍ ജന്മനാട്ടിലേക്കുള്ള യാത്രക്കിടെ ഒന്നര വയസുകാരിയും പിതാവും ഉള്‍പ്പെടെ മൂന്നു പേര്‍ അപകടത്തില്‍ പൊലിഞ്ഞു. ബീഹാറില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച കുടുംബം സഞ്ചരിച്ച കാര്‍ തെലങ്കാനയിലെ നിസാമാബാദില്‍ വച്ച് ലോറിയില്‍ ഇടിച്ച് കോടഞ്ചേരി ചെമ്പുകടവ് മാഞ്ചേരില്‍ തോമസ്-ലൂസി ദമ്പതികളുടെ മകന്‍ അനീഷ് (36), അനീഷിന്റെ മകള്‍ അനാലിയ (ഒന്നര), ഡ്രൈവര്‍ മംഗ്‌ളൂരു സ്വദേശിയും മലയാളിയുമായ സ്‌റ്റെനി എന്നിവരാണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും മൂത്ത കുട്ടി അസാലിയയെയും പരുക്കുകളോടെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. രണ്ടു വാഹനത്തിലായിരുന്നു അനീഷിന്റെയും സഹോദരന്‍ അനൂപിന്റെയും കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചത്. അനീഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ബീഹാര്‍ വാസ്‌ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളിന്റെ നടത്തിപ്പുകാരനും അധ്യാപകനായ അനീഷും കുടുംബവും സാധാരണ സ്‌കൂള്‍ അടക്കുമ്പോഴാണ് നാട്ടില്‍ വരാറ്. എന്നാല്‍ സ്‌കൂള്‍ നേരത്തെ അടച്ചുവെങ്കിലും കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല. ഒടുവില്‍ കാത്തിരുന്ന് സംസ്ഥാന സര്‍ക്കാരിന്റെ പാസ് കിട്ടി കേരളത്തിലേക്ക് തിരിച്ച് നാലാം നാളിലാണ് ദുരന്തം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് പുറപ്പെട്ട ഇവര്‍ ഇന്നലെ രാത്രിയോടെ നാട്ടിലെത്തേണ്ടതായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങളുമായി കൂടെയുള്ള സംഘം നാട്ടിലേക്ക് തിരിച്ചു. സംസ്‌കാരം നാളെ ചെമ്പുകടവില്‍. അജേഷാണ് മരിച്ച അനീഷിന്റെ മറ്റൊരു സഹോദരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."