ദുരിതക്കൂരയില്‍ രോഗംകൊണ്ടു തളര്‍ന്ന് ശങ്കരന്‍ നായരും ഭാര്യയും
കുറ്റ്യാടി: 'ഞാനും ഇവളും മരിച്ചാല്‍ പോലും ആരും അറിയില്ല മക്കളേ...' രോഗവും ദാരിദ്ര്യവും സമ്മാനിച്ച ദുരിതജീവിതം പേറുന്ന എണ്‍പതുകാരനായ കാവിലുംപാറ വള്ളുവന്‍കുന്ന് വലിയവീട്ടില്‍ ശങ്കരന്‍നായരുടെ വേദന നിറഞ്ഞ വാക്കുകളാണിത്. ഏറെ ദുഷ്‌കരമായ വഴിയിലൂടെ സര്‍ക്കാര്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന് ഒറ്റപ്പെട്ട ഒരു ചെറുകൂരയില്‍ രോഗം തളര്‍ത്തിയ ശരീരവുമായി ശങ്കരന്‍ നായരും ഭാര്യ ജാനകിയും നരകിച്ചു കഴിയുകയാണ്.
നടക്കാന്‍ കഴിയാതെ ശരീരമാസകലം നീരും കാഴ്ചയ്ക്കുറവും അര്‍ശസും തളര്‍ത്തിയതാണ് ശങ്കരന്‍ നായരെ. നട്ടെല്ലിന്റെ തേയ്മാനവും കാല്‍മുട്ടുകളിലെ നീരും ജാനകിയെയും തളര്‍ത്തി. പഠിക്കാന്‍ മിടുക്കനായ ഇവരുടെ ഏകമകന്‍ രാമചന്ദ്രന്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു കൂലിപ്പണി ചെയ്ത് അച്ഛനെയും അമ്മയെയും സംരക്ഷിച്ചുപോന്നത്. എന്നാല്‍, രാമചന്ദ്രന്‍ ആറു വര്‍ഷം മുന്‍പു മരിക്കുകയായിരുന്നു. ഇതോടെ ശങ്കരന്‍ നായര്‍ക്കും ജാനകി അമ്മയ്ക്കും ആരും തുണയില്ലാതായി. ഏക മകന്റെ അകാലമരണം ഈ മാതാപിതാക്കളെ മാനസികമായി തളര്‍ത്തുകയും ചെയ്തു.
40 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആയഞ്ചേരിയിലെ പ്രശസ്തമായ കടമേരി വല്യവീട്ടിലെ അംഗമായ ശങ്കരന്‍ നായരും കടമേരി മഠത്തില്‍ തറവാട്ടിലെ അംഗമായ ജാനകി അമ്മയും കാവിലുംപാറ ചാത്തങ്കോട്ടുനടയ്ക്കു സമീപം വള്ളുവന്‍കുന്നിലെത്തുന്നത്. കൂലിപ്പണി ചെയ്തു സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണു മാറാവ്യാധി രണ്ടണ്ടുപേരെയും തളര്‍ത്തിയത്. ഒപ്പം മകന്റെ വിയോഗവും.
വീടിന്റെ പരിസരം പകല്‍സമയങ്ങളില്‍ പോലും കാട്ടുപന്നി, മുള്ളന്‍പന്നി, മറ്റ് ഇഴജന്തുക്കള്‍ എന്നിവയുടെ വിഹാരകേന്ദ്രമാണ്. ഇവിടേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതും ഇവര്‍ക്കു ചികിത്സ ലഭ്യമാകാതിരിക്കാന്‍ കാരണമാവുന്നു. അയല്‍ദേശങ്ങളില്‍ കഴിയുന്ന നന്മനിറഞ്ഞ സുമനസുകളുടെ സഹായമാണ് ഇവര്‍ക്കിപ്പോഴുള്ള ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."