ആഴംകൂട്ടല്‍: വികസനപ്രതീക്ഷയില്‍ അഴീക്കല്‍
കണ്ണൂര്‍: ഈമാസം ആഴംകൂട്ടല്‍ പ്രവൃത്തി തുടങ്ങുന്നതോടെ അഴീക്കല്‍ തുറമുഖം വികസന പ്രതീക്ഷയില്‍. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ചരക്കുകപ്പലുകളും യാത്രാകപ്പലുകള്‍ക്കും ദൈനംദിന സര്‍വിസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണു തുറമുഖ വകുപ്പ് അധികൃതര്‍. ആറുമീറ്റര്‍ ആഴത്തില്‍ തുറമുഖത്തിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവിലാണു ഡ്രഡ്ജിങ് പ്രവൃത്തി നടത്തുക. ഇതിനുള്ള ഡ്രഡ്ജറും മോട്ടോര്‍ ടഗ്ഗും അഴീക്കലില്‍ എത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് മാരിടൈം ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പ്രവൃത്തിയുടെ ചുമതല. മഴക്കാലത്തിനു മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണു തുറമുഖ വകുപ്പ്.
കപ്പലുകള്‍ തുറമുഖത്തേക്ക് അടുപ്പിക്കാനുള്ള 226 വാര്‍ഫും ഇവിടെ കപ്പലുകളില്‍ എത്തിക്കുന്ന ചരക്കുനീക്കാനുള്ള കൂറ്റന്‍ ക്രെയിനും നിലവില്‍ അഴീക്കലിലുണ്ട്. അഴീക്കല്‍ തുറമുഖത്തിനു കിഫ്ബി ഫണ്ടില്‍ നിന്നു 500 കോടി അനുവദിക്കുമെന്നു ഇടതുസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇനി സാങ്കേതിക പഠനത്തിനായി കണ്‍സല്‍ട്ടന്റിനെ നിയമിക്കേണ്ടതുണ്ട്. ഇതിന്റെ ചുമതല ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനാണ്.
കുടക്, ചിക്മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കാപ്പി കയറ്റുമതിക്കും അഴീക്കലിനെ ഉപയോഗപ്പെടുത്താനാകും. ഇവിടങ്ങളില്‍ നിന്നുള്ള മൂന്നുലക്ഷം ടണ്‍ കാപ്പിയാണു പ്രതിവര്‍ഷം മംഗളൂരു, ചെന്നൈ, കൊച്ചി തുറമുഖങ്ങള്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ അഴീക്കല്‍ തുറമുഖം യാഥാര്‍ഥ്യമായാല്‍ ഒന്നരലക്ഷം ടണ്‍ കയറ്റുമതിയെങ്കിലും അഴീക്കലിനു ലഭിക്കാന്‍ സാധ്യതയുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാഞ്ഞങ്ങാട്-പാണത്തൂര്‍ വഴി ചിക്മംഗളൂരുവിലേക്കു പുതിയ പാത യാഥാര്‍ഥ്യമായാല്‍ അവിടെ നിന്നുള്ള മംഗളൂരുവില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ അഴീക്കലില്‍ എത്താനാകും.
അഴീക്കലില്‍ നിന്നു 200 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ലക്ഷദ്വീപിലെ ആന്ത്രോത്തിലും എത്താന്‍ കഴിയും. ഇതുവഴി ലക്ഷദ്വീപിലേക്കുള്ള ചരക്കുസര്‍വിസിനും യാത്രാസര്‍വിസിനും സാധ്യതയുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. അഴീക്കലില്‍ കപ്പല്‍ സര്‍വിസ് തുടങ്ങുമ്പോള്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഒന്നരലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് പ്രവൃത്തി തുറമുഖത്ത് പൂര്‍ത്തിയായി. ഇതില്‍ വെള്ളമെത്തിക്കേണ്ട പൈപ്പ് ലൈന്‍ പ്രവൃത്തി ഇനി ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."