യു.പിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 25 അതിഥി തൊഴിലാളികള്‍ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 25 അതിഥി തൊഴിലാളികള്‍ മരിച്ചു. ലഖ്‌നൗവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഔരയ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു അപകടം. 21 പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനില്‍ നിന്ന് ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പലരും ജോലിയില്ലാതായതോടെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഭക്ഷണപായ്ക്കറ്റുകള്‍ കൊണ്ടുപോവുന്ന ട്രക്കിലാണ് ഇവര്‍ യാത്രചെയ്തിരുന്നത്.
വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 50ഓളം തൊഴിലാളികള്‍ ട്രക്കിലുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പരുക്കേറ്റ് ചികില്‍സയിലുള്ള 21 പേരില്‍ 14 പേരുടെ നില ഗുരുതരമാണെന്നും അവരെ സായ്ഫായിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും ഔരയ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അര്‍ച്ചന ശ്രീവാസ്തവ അറിയിച്ചു. ട്രക്ക് അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താന്‍ കാണ്‍പൂര്‍ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് ആറു തൊഴിലാളികള്‍ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 10ന് സാഗര്‍-ചാത്തര്‍പുര്‍ അതിര്‍ത്തിയിലായിരുന്നു അപകടം. മഹാരാഷ്ട്രയില്‍ നിന്ന് യു.പിയിലേക്ക് പോകുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ വിഡിയോയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിനരികെ പിഞ്ചു കുഞ്ഞ് കരയുന്ന ദൃശ്യമുണ്ട്. അപകടം നടന്നയുടന്‍ നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുശോചിച്ചു.
ഇതിനു മുന്‍പ് മെയ് ഒന്‍പതിന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്ക് മധ്യപ്രദേശിലെ നരസിംഗപുരില്‍ വച്ച് റോഡിന്റെ ഡിവൈഡറിലിടിച്ച് അഞ്ചുപേര്‍ മരിച്ചിരുന്നു.
മെയ് എട്ടിന് മഹാരാഷ്ട്രയില്‍ ഔറന്‍ഗാബാദില്‍ റെയില്‍പാളത്തില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയ അതിഥി തൊഴിലാളികളെ ചരക്കുട്രെയിനിടിച്ച് 16 പേരാണ് മരിച്ചത്.
സര്‍ക്കാര്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നാടണയാനായി കിട്ടിയ വാഹനത്തില്‍ പുറപ്പെടുകയാണ് നിരവധി പേര്‍. ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ച മാത്രം നൂറോളംപേര്‍ക്ക് റോഡ് അപകടങ്ങളില്‍ പരുക്കേറ്റതായി പൊലിസ് പറയുന്നു.
ആയിരക്കണക്കിനു പേരാണ് കാല്‍നടയായി യാത്രചെയ്യുന്നത്. കാല്‍നട യാത്രയ്ക്കിടെ തളര്‍ന്നുവീണും ചിലര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."