കാരട്ടിപ്പാടവും പരിസരവും മദ്യപാനികള്‍ താവളമാക്കുന്നു
ഫറോക്ക്: കാരട്ടിപ്പാടം സ്റ്റേഡിയവും പരിസരവും ലഹരി ഉപഭോക്താക്കള്‍ താവളമാക്കുന്നു. സന്ധ്യമയങ്ങിയാല്‍ ജനവാസം നന്നേ കുറവായ ഇവിടേക്കു ലഹരി നുകരാനായി ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ്.
വിദൂര സ്ഥലങ്ങളില്‍ നിന്നാണു പലരും വാഹനങ്ങിളിലും മറ്റുമായി ഇവിടെയെത്തുന്നത്. നേരം ഇരുട്ടിയാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്തേക്കു പോകാന്‍ തന്നെ പേടിയാണെന്നു പ്രദേശവാസികള്‍ പറയുന്നു.
രാമനാട്ടുകര ടൗണിനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണിത്. ഏക്കര്‍ കണക്കിനുള്ള തെങ്ങിന്‍ തോപ്പില്‍ ജനവാസം കുറഞ്ഞതിനാലാണു ലഹരി ഉപഭോക്താക്കള്‍ ഇവിടേക്കെത്തുന്നത്. രാമനാട്ടുകരയിലെ ബിവറേജ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ്, കെ.ടി.ഡി.സി, കള്ള്ഷാപ്പ് തുടങ്ങിയവയില്‍ നിന്നു മദ്യം വാങ്ങി എളുപ്പത്തില്‍ കാരട്ടിപ്പാടത്തേക്കെത്താന്‍ കഴിയുമെന്നതും ഇവിടേക്കു ജനങ്ങളെ ആകര്‍ഷിക്കുന്നു. മദ്യപിച്ചു ലക്കുകെട്ടുപോകുന്നവര്‍ സമീപവാസികള്‍ക്കു ഭീഷണിയാവുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മദ്യപാനികള്‍ ഉപയോഗിച്ച കുപ്പികളും മറ്റും ഉപേക്ഷിച്ച് ഇവിടെ ഓടയും അടഞ്ഞിരിക്കുകയാണ്. ഇതുമൂലം, സമീപത്തെ കടലുണ്ടി പുഴയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.
ഇതേ തുടര്‍ന്നു പ്രദേശത്തെ വീടുകളിലേക്കു വെള്ളം കയറി വീട്ടുകാര്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനും ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്. പണം വച്ചുള്ള ശീട്ടുകളി നടക്കുന്നതായും വിവരമുണ്ട്.
കാരട്ടിപ്പാടത്തേക്കും പരിസരപ്രദേശങ്ങളിലേക്കും ലഹരി ഉപയോഗിക്കാന്‍ ആളുകളെത്തുന്നതു തടയാന്‍ പൊലിസ് നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."