എല്‍.ജെ.ഡിയിലെ തര്‍ക്കം തീര്‍ന്നു
#ടി.കെ ജോഷി
കോഴിക്കോട്: വടകര സീറ്റ് കിട്ടാത്തതിനെച്ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ ഉരുത്തിരിഞ്ഞ തര്‍ക്കം തീര്‍ന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സീറ്റും കൂടാതെ, വര്‍ഷങ്ങളായി എല്‍.ജെ.ഡിയുടെ കൈവശമുണ്ടായിരിക്കുകയും മുന്നണി വിട്ടപ്പോള്‍ സി.പി.എം പിടിച്ചെടുക്കുകയും ചെയ്ത വടകര കോ-ഓപറേറ്റിവ് റൂറല്‍ ബാങ്ക് ഭരണം തിരിച്ചുനല്‍കലും തുടങ്ങിയ ഒത്തു തീര്‍പ്പ് വ്യവസ്ഥയിലാണ് സീറ്റ് ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയത്.
കൂത്തുപറമ്പ്, വയനാട്, വടകര നിയമസഭാ സീറ്റുകള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡിക്കു വിട്ടുനല്‍കാമെന്നാണ് സി.പി.എം നേതൃത്വം ഉറപ്പുനല്‍കിയിരിക്കുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. വടകര നിലവില്‍ ജനതാദള്‍- എസിന്റെ സീറ്റാണെങ്കിലും അവിടെ മത്സരിക്കാന്‍ അര്‍ഹത എല്‍.ജെ.ഡിക്കാണെന്ന സൂചനയും സി.പി.എം നേതാക്കള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പിയും എം.വി ശ്രേയാംസ് കുമാറും ഉള്‍പെടെയുള്ളവരും നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടായത്.
ഇക്കാര്യം ഇന്നലെ കോഴിക്കോട്ടു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ അവതരിപ്പിച്ചു. വടകര സീറ്റ് ചോദിച്ചു വാങ്ങുന്നതില്‍ നേതൃത്വം വീഴ്ച വരുത്തിയെന്ന വാദമുയര്‍ത്തി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന ആശങ്കയിലായിരുന്നു ഇന്നലത്തെ സംസ്ഥാന സമിതി.
എന്നാല്‍, സംസ്ഥാന സമിതി ചേരുന്നതിനു മുന്‍പുതന്നെ പാര്‍ട്ടിയില്‍ മഞ്ഞുരുകി. അതിനാല്‍ തന്നെ അച്ചടക്ക നടപടിയുമായും മുന്നോട്ടുപോകില്ല. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ പ്രചാരണ ചുമതല ഇന്നലത്തെ യോഗം വിമത ശബ്ദമുയര്‍ത്തിയ മനയത്ത് ചന്ദ്രനും കെ.പി മോഹനനും നല്‍കാനും തീരുമാനിച്ചു.
കെ.പി മോഹനന്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ജയരാജന്റെ പ്രചാരണത്തില്‍ സജീവമായിരുന്നു. ഇന്നലെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എല്‍.ജെ.ഡി തെരഞ്ഞെടുപ്പില്‍ സജീവമാകുകയും ചെയ്തു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ഉപാധികളോടെയല്ല ഈ തീരുമാനമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."