ക്രഷര്‍ മാലിന്യങ്ങള്‍ തോട്ടില്‍ തള്ളുന്നത് വ്യാപകമാകുന്നു
പള്ളിക്കല്‍: ക്രഷര്‍ മാലിന്യങ്ങള്‍ തോട്ടില്‍ തള്ളുന്നത് വ്യാപകമാകുന്നതായി നാട്ടുകാരുടെ പരാതി. മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മാലിന്യം തോട്ടില്‍ തള്ളുന്നത് മൂലം മഴക്കാലത്ത് തോട്ടിലെ ജലാശയത്തിന് കളര്‍ മാറ്റവും രുചി വ്യത്യാസവും അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലങ്ങളിലാണ് ക്രഷറുകളില്‍ നിന്നുള്ള മാലിന്യം മഴവെള്ളത്തോടൊപ്പം വ്യാപകമായി തോട്ടിലേക്ക് ഒഴുക്കി വിടുന്നത്.
ഇത് മൂലം തോട്ടിലെ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ത്വക്ക് രോഗങ്ങളും സഹ്യമായ ചൊറിച്ചിലും അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. നെടിയിരുപ്പ് താലൂക്കില്‍ പെട്ട ക്രഷറുകളില്‍ നിന്നാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. നെടിയിരുപ്പ് വില്ലേജില്‍ നിന്നും ഉല്‍ഭവിച്ച് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന വലിയ തോട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സില്‍ ഒന്നാണ്. മാലിന്യം തള്ളുന്നത് മൂലം തോട്ടിലെ പ്രധാന കുളിക്കടവുകളായ ആണിച്ചിറ, കപ്പേകാട്, പളളറ, ചെര്‍ളതോട്, കുനൂക്കര, എന്നിവിടങ്ങളില്‍ സ്ഥിരമായി കുളിക്കുന്നവര്‍ക്കാണ് ത്വക്ക് രോഗങ്ങളും ചൊറിച്ചിലും അനുഭവപ്പെടുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി തഹസീല്‍ദാര്‍ക്ക് പരാതി നല്‍കാന്‍ കഴിഞ്ഞ പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു.
ഇതിന്റ ദുരിതമനുഭവിക്കുന്നത് പള്ളിക്കല്‍ പഞ്ചായത്തിലുള്ളവരാണെങ്കിലും മാലിന്യം തോട്ടില്‍ തള്ളുന്ന ക്രഷറുകള്‍ മറ്റൊരു പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കാന്‍ ഭരണസമിതിയില്‍ തീരുമാനമെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മിഥുന, സെക്രട്ടറി ജോണ്‍ എന്നിവര്‍ വലിയതോട് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി ദിനേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."