'ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തിയ നടപടി ഉടന്‍ പ്രാവര്‍ത്തികമാക്കണം'
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തിയില്‍ ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തിയ നടപടി ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥല സൗകര്യവും കെട്ടിടവുമുള്ള എല്ലാ ബദല്‍ വിദ്യാലയങ്ങളെയും എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തി ഉത്തരവിട്ടിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. ഈ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ മന്ത്രിയെ കണ്ടത്. 2015 ജൂണ്‍ 26ന് കാളംതിരുത്തിയിലെ ഇറിഗേഷന്‍ വകുപ്പിന്റെ കൈയിലുള്ള ഒരേക്കര്‍ ഭൂമി വിദ്യഭ്യാസ വകുപ്പിന് കൈമാറിട്ടുണ്ട്. ഈ സ്ഥലത്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്ന് നിലകള്‍ മുകളിലേക്ക് എടുക്കാവുന്ന തരത്തിലുള്ള കെട്ടിടത്തില്‍ രണ്ട് ക്ലാസ് മുറിയും ഓഫിസുമടങ്ങുന്നതാണ് കെട്ടിടം. മാത്രവുമല്ല ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ സ്‌കൂളിനായി വിട്ട് നല്‍കിയ ഭൂമിക്ക് ചുറ്റുമതില്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുള്ളതായും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 1994ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 54 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്്. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കാളം തിരുത്തിയിലെ ഇരുനൂറിലധികം വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിനുള്ള ഏക ആശ്രയമാണ് ഈ ബദല്‍ വിദ്യാലയം. ഇപ്പോള്‍ ഇവിടത്തെ കുട്ടികള്‍ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള സ്‌കൂളുകളിലാണ് പഠിക്കുന്നതെന്നും മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗകര്യമുള്ള ബദല്‍ വിദ്യാലയങ്ങളുടെ പട്ടിക തയാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തിരമായി തന്നെ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി അബ്ദുറബ്ബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."