ഡിഫ്തീരിയ ബാധ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
ഫറോക്ക്: ഡിഫ്തീരിയ, മലേരിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പുല്ലുംകുന്ന്, വൈദ്യരങ്ങാടി പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം ഡിഫ്തീരിയാബാധ റിപ്പോര്‍ട്ട് ചെയ്ത പുല്ലുംകുന്ന് ഭാഗത്തെ ജനങ്ങളുടെ സര്‍വേ ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കി.
പൂര്‍ണമായും ഭാഗികമായും കുത്തിവയ്‌പ്പെടുത്തുവരുടെ വിവരങ്ങളാണു ജീവനക്കാര്‍ ശേഖരിച്ചത്. ഡിഫ്തീരിയ ബാധിച്ച കുട്ടിയുമായി അടുത്തിടപഴകിയവരുടെ പരിശോധനയും ഇതിനകം പൂര്‍ത്തിയായി. സംശയം തോന്നിയവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഉടന്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഡിഫ്തീരിയയ്ക്കുള്ള ടി.ഡി വാക്‌സിനില്ലാത്തത് ആരോഗ്യവകുപ്പ് ജീവനക്കാരെ വലക്കുന്നു. 50 ഡോസ് വാക്‌സിന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് രാമനാട്ടുകര പി.എച്ച്.സിയില്‍ എത്തിയത്. ഇതു തന്നെ 45 മുതല്‍ 50 വരെ ആളുകള്‍ക്കു മാത്രമേ നല്‍കാനാകൂവെന്നു ജീവനക്കാര്‍ പറയുന്നു. പ്രദേശത്ത് സര്‍വേ നടത്തുന്ന 10 ജീവനക്കാര്‍ക്കാണു മുന്‍കരുതലെന്ന നിലയില്‍ ഇപ്പോള്‍ വാക്‌സിനുകള്‍ നല്‍കിയത്. 30 ദിവസത്തിനകം വാക്‌സിന്‍ എത്തുമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെയും ഉറപ്പായിട്ടില്ല. ചിലരോട് ഡിഫ്തീരിയയ്ക്കുള്ള ആന്റിബയോട്ടിക്കായ എരിത്രോമാസിന്‍ വാങ്ങി ഉപയോഗിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി ഡി.എം.ഒ രഘു, ഡോ. പത്മകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഉഷ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റാണി ജി., ഡോ. സുരേഷ്, നഴ്‌സുമാരായ ഗീത, രശ്മി ജെ., ധനലക്ഷ്മി സോണി നേതൃത്വം നല്‍കി. ആശാവര്‍ക്കര്‍മാരും പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡിഫ്തീരിയ ബാധയുടെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, ശ്വാസമെടുക്കുന്നതിനുള്ള തടസം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് രാമനാട്ടുകര പി.എച്ച്.സിയിലെ എച്ച്.ഐ സി. ഇബ്രാഹിം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."