'നടന്നു തളര്‍ന്ന് വരുന്നവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം, വിണ്ടു കീറിയ പാദങ്ങള്‍ക്ക് ആശ്വാസമായി ചെരുപ്പുകള്‍'- അതിഥി തൊഴിലാളികള്‍ക്കായി തണലൊരുക്കി ലഖ്‌നൗവിലെ പള്ളികള്‍
ലഖ്‌നൗ: നാടണയാന്‍ കാതങ്ങള്‍ താണ്ടുന്ന അതിഥി തൊഴിലാളികളുടെ ദൈന്യത ലോകമെങ്ങും ചര്‍ച്ചയാവുന്നതിനിടെ അവര്‍ക്ക് തണല്‍ വിരിച്ച് ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ പള്ളികള്‍. നടന്നു തളര്‍ന്ന വരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കിയിരിക്കുകയാണ് അവരിവിടെ. മാത്രമല്ല അവര്‍ക്കണിയാനുള്ള ചെരുപ്പുകളും റോഡരികിലെ പള്ളികള്‍ക്കു മുന്നില്‍ നിരത്തിയിട്ടിരിക്കുന്നു. മസജിദ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഇവിടെ പള്ളികള്‍ കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മഹ്മൂദാബാദ് സ്വദേശിയും അശോക സര്‍വ്വകലാശാല പ്രൊഫസറുമായ അലിഖാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങളുടെ കൈവശം പഴയ ചെരുപ്പുകളോ ഷൂവോ ഉണ്ടെങ്കില്‍ അത് ഹൈവേകളിലെ ക്രോസ്രോഡുകളിലോ ഉപേക്ഷിക്കൂ. വീട്ടിലേക്കുള്ള വഴിയില്‍ ഏതെങ്കിലുമൊരാള്‍ക്ക് സഹായമാവും ആ ചെരുപ്പുകള്‍- അദ്ദേഹം കുറിക്കുന്നു.
ചുട്ടുപൊള്ളുന്ന റോഡിലൂടെ നടന്ന് കാലുകള്‍ പൊള്ളി കരയുന്ന കുഞ്ഞുങ്ങളുടെ വരെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. നിരവധിയാളുകളാണ് വീടണയാനുള്ള വഴിദൂരം പിന്നിടും മുമ്പ് മരണത്തിന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."