ജില്ലയില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ വിമുഖത ഉത്തരവിന് ഉത്തരമില്ല!
അരീക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വാര്‍ഡുതലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ജാഗ്രതാസമിതികള്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും രൂപീകരിക്കപ്പെട്ടില്ല. ഇതിനുള്ള ഉത്തരവിറങ്ങി മൂന്നു വര്‍ഷമായിട്ടും ജാഗ്രതാസമിതി രൂപീകരണത്തോടു പഞ്ചായത്തുകള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
2015 ഒക്ടോബര്‍ മൂന്നിനു പുറത്തിറങ്ങിയ ഓര്‍ഡിനന്‍സാണ് പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുന്നത്. ഗ്രാമങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ഏറെക്കുറെ അറിയുന്നത് വാര്‍ഡ് അംഗങ്ങള്‍ക്കാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡുതലങ്ങളില്‍ ജാഗ്രതാസമിതികള്‍ക്കു രൂപംനല്‍കാനുള്ള ഉത്തരവിറക്കിയത്. എന്നാല്‍, ഇത് അവഗണിക്കുന്ന രീതിയാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നത്.
കേരളാ പഞ്ചായത്ത് രാജ് 2015ല്‍ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതികള്‍ക്കു നിയമ പിന്‍ബലം നല്‍കിയിരുന്നെങ്കിലും ഇതിനോടു മുഖംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് പഞ്ചായത്തുകള്‍ക്കുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ സമയം കണ്ടെത്തുന്നില്ലെങ്കില്‍ വാര്‍ഡ് അംഗത്തെ അയോഗ്യരാക്കാമെന്നും 2015ല്‍ പുറത്തിറങ്ങിയ ഉത്തരവിലുണ്ട്. വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ എല്ലാ മാസവും ചേരേണ്ട ജാഗ്രതാ സമിതി മൂന്നു മാസം തുടര്‍ച്ചയായി മുടങ്ങിയാല്‍ അംഗം ഭരണസമിതിയില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്നാണ് ഓര്‍ഡിനന്‍സിലുള്ളത്. എന്നാല്‍, യാതൊരു നടപടിയും ഇതുസംബന്ധിച്ചു ജില്ലയില്‍ എവിടെയും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപീകരിക്കുന്ന വാര്‍ഡുതല ജാഗ്രതാ സമിതികള്‍ക്കു ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഇറങ്ങിയ ഓര്‍ഡിനന്‍സ് നിയമ പിന്‍ബലം നല്‍കുന്നതിനാല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ മുഖം കൈവരിക്കാനാകുമെന്നും അതുവഴി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ജാഗ്രതാ സമിതികള്‍ക്കു രൂപംനല്‍കാന്‍ പോലും മിക്ക വാര്‍ഡുകളിലെയും അംഗങ്ങള്‍ തയാറായിട്ടില്ല. സ്ത്രീകള്‍ ജനപ്രതിനിധികളായ വാര്‍ഡുകളിലും ഇതുതന്നെയാണ് അവസ്ഥ.
വര്‍ഷങ്ങള്‍ക്കു മുന്‍പു പഞ്ചായത്തുകളില്‍ രൂപീകരിച്ചെന്നു പറയുന്ന സമിതികളാകട്ടെ വാര്‍ഡുതലങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടുമില്ല. ഇത്തരം സമിതികള്‍ പാലിക്കേണ്ടതും നടപ്പില്‍വരുത്തേണ്ടതുമായ കാര്യങ്ങള്‍ സ്ത്രീകളും കുട്ടികളും അറിയുകപോലും ചെയ്യുന്നില്ല.
വാര്‍ഡ് അംഗം, വനിതാ അഭിഭാഷക, വനിതാ പൊലിസ്, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ജാഗ്രതാ സമിതികള്‍ക്കു രൂപംനല്‍കേണ്ടത്. ഉത്തരവ് പ്രകാരം ഗ്രാമസഭയേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതു ജാഗ്രതാസമിതിക്കാണെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതിനാവശ്യമായ ശ്രദ്ധ ചെലുത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."