കൊടുവള്ളിയിലും തിരുവമ്പാടിയിലും പുതിയ നേതൃത്വത്തെ പ്രതീക്ഷിച്ച് ലീഗ് അണികള്‍
കോഴിക്കോട്: കൊടുവള്ളിയിലെയും തിരുവമ്പാടിയിലെയും മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു രണ്ടു മണ്ഡലങ്ങളിലെയും മുസ്‌ലിം ലീഗ് അണികള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം പൊതുവെ നിര്‍ജീവമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പോഷക ഘടകങ്ങളും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല.
സ്ഥാനാര്‍ഥിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊടുവള്ളി മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികള്‍ പലതും പിരിച്ചുവിടണമെന്ന് അണികള്‍ ആവശ്യപ്പെട്ടിരുന്നു. മടവൂര്‍ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു രാജി സമര്‍പ്പിക്കുകയും ചെയ്തു. കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി യോഗം അണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലസിപ്പിരിയുകയും ചെയ്തിരുന്നു. കൊടുവള്ളി മണ്ഡലം കമ്മിറ്റി പരിച്ചുവിടണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു. കൊടുവള്ളി പോലെ കമ്മിറ്റികള്‍ക്കെതിരേ ശക്തമായ വികാരമുയര്‍ന്നില്ലെങ്കിലും തിരുവമ്പാടി മണ്ഡലത്തില്‍ പാര്‍ട്ടി നിര്‍ജീവമായിരുന്നു. ഇവിടെ ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയെ സാരമായി ബാധിച്ചിട്ടുണ്ട്.
രണ്ടു മണ്ഡലങ്ങളിലെയും പരാജയം പഠിക്കാന്‍ സംസ്ഥാന കമ്മിറ്റി നിയോഗിച്ച അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം. റഹ്മത്തുല്ല, അഡ്വ. യു.എ ലത്തീഫ് തുടങ്ങിയവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ മുന്‍പു രണ്ടു മണ്ഡലങ്ങളിലെയും പാര്‍ട്ടിയുടെയും ഉപസംഘടനകളുടെയും നേതാക്കളെയും സ്ഥാനാര്‍ഥികളെയും കണ്ടു വിശദമായി പരാജയ കാരണം പഠിച്ചിരുന്നു.
കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാനുള്ള ചുമതല ജില്ലാ കമ്മിറ്റിക്കാണ്. എം.എ റസാഖ് മാസ്റ്റര്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഒഴിവുവന്ന ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പുതിയ ആളെ നോമിനേറ്റ് ചെയ്ത ശേഷമായിരിക്കും മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കുക. പുതിയ കമ്മിറ്റികളെ രൂപീകരിക്കുന്നതു തെരഞ്ഞെടുപ്പു വഴിയോ നോമിനേഷന്‍ വഴിയോ എന്ന കാര്യം ജില്ലാ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. നിലവിലെ നേതൃത്വം പൂര്‍ണമായി മാറിനില്‍ക്കണമെന്നും യുവാക്കള്‍ക്കു പ്രാധാന്യമുള്ള കമ്മിറ്റി നിലവില്‍വരണമെന്നുമാണ് അണികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."