ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്നുപേര്‍ വീതം
കോട്ടയം: ഓരോ ലോക്‌സഭാ മണ്ഡലത്തിലും മൂന്നു പേരുടെ സാധ്യതാ പട്ടിക കേന്ദ്രനേതൃത്വത്തിന് നല്‍കി ബി.ജെ.പി. ഇന്നലെ സാധ്യതപട്ടിക തയാറാക്കാന്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് മൂന്നു പേരുടെ വീതം പട്ടിക അയക്കാന്‍ തീരുമാനിച്ചത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ രാത്രിയോടെയാണ് അവസാനിച്ചത്.
കെ. സുരേനന്ദ്രന് മത്സരിക്കാന്‍ പത്തനംതിട്ടയോ, തൃശൂരോ പോലുള്ള സുരക്ഷിത മണ്ഡലം വേണമെന്ന ആവശ്യം മുരളീധരപക്ഷം ഉയര്‍ത്തി. ഇതിനിടെ പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള തന്നെ മത്സരിക്കണമെന്ന അഭിപ്രായമുയര്‍ന്നത് തര്‍ക്കത്തിനിടയാക്കി. ദേശീയ നേതൃത്വത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ, ശ്രീധരന്‍പിള്ളക്ക് സ്ഥാനാര്‍ഥിയാകാന്‍ കഴിയൂ.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടര്‍ച്ചയായി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങിയാല്‍ തൃശൂര്‍ ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കേണ്ടി വരും. സുരേന്ദ്രനുവേണ്ടി പത്തനംതിട്ട വേണമെന്ന് മുരളീധരപക്ഷം വാശിപിടിക്കുകയായിരുന്നു. ഇത് ചര്‍ച്ചകളെ വഴിമുട്ടിച്ചു. പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ പേരിനൊപ്പം സി.കൃഷ്ണകുമാറിന്റെ പേരും പരിഗണിച്ചു. അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്നു പേര്‍ വീതമുള്ള പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സീറ്റുകളില്‍ കാര്യമായ തര്‍ക്കമുണ്ടായില്ലെന്നാണ് സൂചന.കോര്‍കമ്മിറ്റി തയാറാക്കുന്ന ലിസ്റ്റ് ദേശീയ നേതൃത്വത്തിന ്‌സമര്‍പ്പിക്കും. കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. അഞ്ച് ദിവസത്തിനുള്ളില്‍സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നിര്‍മല്‍കുമാര്‍ സുരാന വ്യക്തമാക്കിയിരുന്നു.
ഇന്നലെ വൈകിട്ട് ആരംഭിച്ച യോഗത്തില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നിര്‍മല്‍കുമാര്‍ സുരാന, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ദേശീയനിര്‍വാഹ സമിതിയംഗം സി.കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."