കേരളത്തിലേക്ക് വിമാനം ചാർട്ടർ ചെയ്യാൻ ഖത്തർ കെ.എം.സി.സിയും ഒരുങ്ങുന്നു
ദോഹ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചുപോവാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള തയ്യാറെടുപ്പുമായി ഖത്തര്‍ കെ.എം.സി.സി. കേരളീയരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേകം ചാര്‍ട്ടര്‍ വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമാരന്‍ എന്നിവര്‍ക്കും പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഖത്തര്‍ എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള അനുമതിയുണ്ടെങ്കില്‍ പദ്ധതി പ്രാവര്‍ത്തികമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന ആക്ടിങ് ജനറല്‍സെക്രട്ടറി റഈസലി വയനാട് അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇതിന് പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
രോഗങ്ങള്‍ കൊണ്ട് കഷ്ടത അനുഭവിക്കുന്നവര്‍, ചികിത്സ മുടങ്ങിയവര്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടു റൂമും ഭക്ഷണവും ഇല്ലാത്തവര്‍, തൊഴിലന്വേഷകരായി വന്ന് തിരികേ പോകാന്‍ സാധിക്കാത്തവര്‍ അടക്കം നിരവധി പേരാണ് ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. വളരെ പരിമിതമായ സീറ്റുകള്‍ ഉള്ള നിലവിലെ വിമാനങ്ങളില്‍ ഇത്രയധികം ആളുകളെ നാട്ടിലയക്കുക കാലതാമസമെടുക്കുന്ന പ്രക്രിയയാണ്. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി ലഭിച്ചാല്‍ മിതമായ നിരക്കില്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ കെഎംസിസി സജ്ജമാണെന്നും അധികാരികള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."