മനസുവച്ചാല്‍ സ്‌കൂള്‍ മുറ്റത്തും മുന്തിരി വിളയും
പേരാമ്പ്ര: നിറയെ പൂത്തുനില്‍ക്കുന്ന മുന്തിരിവള്ളികളും മുന്തിരിക്കുലകളും സ്‌കൂള്‍ മുറ്റത്തെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാകുന്നു. വില്ല്യാപ്പള്ളി പറമ്പില്‍ ഗവ. യു.പി സ്‌കൂള്‍ മുറ്റത്താണ് കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുന്തിരി തോട്ടമൊരുക്കിയത്. സ്‌കൂളിലെ 'ഹരിത' കാര്‍ഷിക ക്ലബ് 2014 ജൂണ്‍ മാസത്തിലാണ് മുന്തിരി വള്ളികള്‍ നട്ടത്. പരിസ്ഥിതി ദിനത്തില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നതിനിടയില്‍ കാര്‍ഷിക ക്ലബിന് നേതൃത്വം കൊടുക്കുന്ന അധ്യാപകന്‍ പി. മുഹമ്മദ് വാളൂരാണ് ഈ ആശയത്തിന് രൂപം നല്‍കിയത്.
വേനലില്‍ നന്നായി പരിചരിച്ചാണ് മുന്തിരി ചെടികളെ വളര്‍ത്തിയത്. ഉണക്കിപ്പൊടിച്ച ചാണകവും കടലപ്പിണ്ണാക്ക് പൊടിയും പ്രധാന വളമായി ഉപയോഗിച്ചു. പച്ചില വളങ്ങളും ഇതിനു പുറമെ നല്‍കി. സ്‌കൂളിന്റെ രണ്ടു കെട്ടിടങ്ങള്‍ക്കിടയിലായി വളര്‍ന്നു പന്തലിച്ച മുന്തിരിവള്ളികള്‍ വലകെട്ടിയാണ് സംരക്ഷിച്ചത്. പന്തല്‍ മാത്രമായി മാറുമോ തങ്ങളുടെ അധ്വാനമെന്ന ആശങ്കയില്‍ കഴിയുന്നതിനിടെയാണ് മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞത്. പാകമായ മുന്തിരികള്‍ക്ക് റോസ് നിറം വന്നിട്ടുണ്ട്.
കാര്‍ഷിക ക്ലബ് ചെയര്‍മാന്‍ ഫിന ഷെറിന്റെ നേതൃത്വത്തില്‍ സന, ദേവനന്ദ, സനാ ഫാത്തിമ, ഉവൈസ്, ഹാഷില്‍ജിത്ത്, നന്ദന എന്നിവരടങ്ങിയ 40 അംഗങ്ങളാണ് കാര്‍ഷിക ക്ലബിലുള്ളത്. പി.ടി.എയുടെയും അധ്യാപകരുടെയും സഹായത്തോടെ സ്‌കൂളില്‍ ഔഷധ തോട്ടവും കാര്‍ഷിക ക്ലബ് ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തണല്‍ മരവും വച്ചുപിടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."