സൈനികര്‍ക്ക് പുതുപ്രതീക്ഷയായി ജീവന്‍രക്ഷാ മരുന്ന്
ന്യൂഡല്‍ഹി: 90 ശതമാനത്തിലധികം മാരകമായി പരുക്കേല്‍ക്കുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡി.ആര്‍.ഡി.ഒയുടെ 'പുതിയ മരുന്ന്'.
മാരകമായ പരുക്കുമൂലം മികച്ച ചികിത്സാ സംവിധാനങ്ങള്‍ നല്‍കാനുണ്ടാകുന്ന കാലതാമസമാണ് പല സൈനികര്‍ക്കും ജീവഹാനി നേരിടാന്‍ കാരണം. ഇതിനു പരിഹാരം കാണാന്‍ പുതിയ മരുന്നിന് കഴിയുമെന്നാണ് പ്രതീക്ഷ.
രക്തം വാര്‍ന്നൊഴുകുന്ന മുറിവ് അടയ്ക്കുന്ന വസ്തുക്കള്‍, മുറിവിലെ രക്തം പൂര്‍ണമായി വലിച്ചെടുക്കുന്ന പരുത്തിത്തുണി, ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായനികള്‍ തുടങ്ങിയവ വനത്തിലും ഉയര്‍ന്ന പ്രതലങ്ങളിലുമുള്ള യുദ്ധഭൂമിയില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഡി.ആര്‍.ഡി.ഒ രൂപകല്‍പന ചെയ്തത്.
യുദ്ധമുഖത്തുനിന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അമിതമായി രക്തം വാര്‍ന്നുപോകുന്നത് പുതിയ മരുന്ന് ഉപയോഗിച്ച് തടയാനാകും. ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ള സലൈന്‍ ലായനികള്‍ 18 ഡിഗ്രി കാലാവസ്ഥയിലും കട്ടിപിടിക്കില്ല. ഉയര്‍ന്ന പ്രതലത്തിലുള്ള അപകടാവസ്ഥകളെ നേരിടാന്‍ ഈ ലായനിക്കു കഴിയും. മുറിവുകള്‍ കെട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കളെക്കാള്‍ 200 മടങ്ങ് അധികം ഗുണകരമാണ് പുതിയതായി കണ്ടുപിടിച്ചവ. മുറിവിനു മുകളില്‍ പാട പോലെനിന്നു രക്തസ്രാവത്തെ ചെറുക്കുകയാണ് ചിറ്റോസാന്‍ ജെല്‍ ചെയ്യുന്നത്.
ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് ലബോറട്ടറിയിലാണ് (ഐ.എന്‍.എം.എ.എസ്) പുതിയ മരുന്നുകള്‍ കണ്ടുപിടിച്ചത്. പരുക്കേറ്റ ആദ്യ മണിക്കൂറുകളില്‍ത്തന്നെ ഇവ ഉപയോഗിക്കുകയാണെങ്കില്‍ പരമാവധി ജീവന്‍ രക്ഷിക്കാനും അംഗഭംഗം വരുന്നവരുടെ എണ്ണം കുറയ്ക്കാനും കഴിയുമെന്ന് ഡി.ആര്‍.ഡി.ഒ പറയുന്നു.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ഐ.എന്‍.എം.എ.എസ്. യുദ്ധമുഖത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യമെന്നത് അമിത രക്തസ്രാവം, സെപ്‌സിസ്, രക്തത്തിന്റെ അളവു കുറഞ്ഞുപോകുന്ന ഹൈപോവോളെമിയ, ഷോക്ക്, വേദന തുടങ്ങിയവയാണ്. ഇവയ്ക്കു കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാനാകും.
അതിനായാണ് ഡി.ആര്‍.ഡി.ഒ മരുന്ന് നിര്‍മിച്ചതെന്ന് ഡി.ആര്‍.ഡി.ഒയുടെ ലൈഫ് സയന്‍സസ് വിഭാഗം ഡയരക്ടര്‍ ജനറല്‍ എ.കെ സിങ് അറിയിച്ചു. തുടക്കത്തില്‍ അര്‍ധ സൈനിക വിഭാഗങ്ങളിലാണ് ഈ മരുന്ന് ഉപയോഗിക്കുക. ഇതിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് മറ്റു സേനകളിലേക്കും ഇത് ഉപയോഗപ്പെടുത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."