എത്യോപ്യന്‍ വിമാനദുരന്തം; കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ യു.എന്‍ ഉദ്യോഗസ്ഥയും
നെയ്‌റോബി: എത്യോപ്യയില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാള്‍ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥ. യു.എന്നിന്റെ വികസന പരിപാടികളിലെ ഇന്ത്യയുടെ ഉപദേശക ശിഖാ ഗര്‍ഗ് ആണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്നു തിരിച്ചറിഞ്ഞു.
കേന്ദ്രപരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്ന ഇവര്‍ യു.എന്നിന്റെ പാരിസ്ഥിതിക പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് കൊല്ലപ്പെട്ടത്.
ഇവരുടെ കുടുംബത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സഹായം വേണമെന്നും അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ ട്വിറ്ററില്‍ കുറിപ്പും ഇട്ടു.
ശിഖയുടെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ഭര്‍ത്താവിന്റെ നമ്പറില്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അവരുടെ കുടുംബത്തെ ബന്ധപ്പെടാന്‍ സഹായിച്ചാലും- സുഷമ ട്വീറ്റ് ചെയ്തു. അപകടത്തില്‍ മരിച്ച മറ്റു മൂന്നു ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായും സുഷമ വ്യക്തമാക്കി.
വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. അഡിസ് അബാബയില്‍നിന്ന് പറന്നുയര്‍ന്ന് ആറുമിനിറ്റുകള്‍ക്ക് ശേഷമാണ് അപകടം നടന്നത്. ബോയിങ്ങിന്റെ 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ടതാണ് അപകടത്തില്‍പ്പെട്ട വിമാനം. 2016ലാണ് ഈ മോഡല്‍ വിമാനം അവതരിപ്പിച്ചത്. തകര്‍ന്നുവീണ വിമാനം നവംബറിലാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായത്.
കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്‌റാഈല്‍, ബെല്‍ജിയം, ഉഗാണ്ട, യമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള 157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. അപകട കാരണമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പരിശോധനയില്‍നിന്നു ലഭ്യമാവുമെന്നാണ് സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."