പഞ്ചായത്ത് സെക്രട്ടറിയെ ഖരോവോ ചെയ്ത കേസ്: പ്രതികളെ പൊലിസ് സ്വന്തം ജാമ്യത്തില്‍ വിട്ടു
കുന്നംകുളം: അകതിയൂരിലെ മദ്യശാല സംബന്ധിച്ച് പോര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറിയെ ഖരോവോ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികളെ പൊലിസ് സ്വന്തം ജാമ്യത്തില്‍ വിട്ടു. രാത്രി ഏറെ വൈകുവോളം പൊലിസ് സ്റ്റേഷനില്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി പ്രാദേശിക നേതാക്കള്‍ ഓഫീസിനുള്ളില്‍ കയറി ഖരോവോ ചെയ്തത്. മദ്യശാലക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സഹായങ്ങള്‍ സെക്രട്ടറി തന്നെ ചെയ്തു നല്‍കിയെന്നും, പിന്നീട് ഇത് സംബന്ധിച്ച തനിക്കൊന്നുമറിയില്ലെന്ന പറഞ്ഞ് ജനങ്ങളെ പറ്റിച്ചുവെന്നുമായിരുന്നു ഇവരുടെ ആരോപണം.
കെട്ടിടത്തിന് നല്‍കിയ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം, എന്നാല്‍ സെക്രട്ടറി ഇത് നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ കുന്നംകുളം പൊലിസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചായത്തില്‍ അതിക്രമിച്ച് കടന്നതായും,
കൃത്യ നിര്‍വ്വഹണത്തിന് തടസം സൃഷിടിച്ചുവെന്നുമായിരുന്നു ഇവര്‍ക്കെതിരേയുള്ള കേസ്. സ്റ്റേഷനിലെത്തിച്ച പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നാവശ്യവുമായി നേതാക്കള്‍ എത്തിയതോടെയാണ് വിഷയം മറ്റൊരു തരത്തിലേക്ക് മാറിയത്. ജാമ്യം നല്‍കാന്‍ എസ്.ഐ തയ്യാറാകാതിരിക്കുകയും നിരവധി ഉന്നതര്‍ ഇടപെട്ടിട്ടും നിലപാടില്‍ എസ്.ഐ ഷാജഹാന്‍ ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ ഉപരോധത്തിന് സമാനമായി പ്രതിഷേധവുമായി എത്തി. 6 എസ്.ഐയുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സ്‌റ്റേഷന്‍ ഉപരോധം, ഹര്‍ത്താല്‍ തുടങ്ങിയ വഴികല്‍ലേക്ക് ചര്‍ച്ച നീണ്ടു. രാത്രി 12 ഓടെയാണ് പ്രതികള്‍ക്ക് സ്വന്തം ജാമ്യം നല്‍കി വിട്ടയച്ചത്. പരാതി നല്‍കിയ സെക്രട്ടറി പിന്നീട് പരാതിയില്‍ നിന്നും പിന്‍മാറുന്നതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞുവെങ്കിലും അത് രേഖാമൂലം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് സാധ്യമായില്ല. പഞ്ചായത്തിന്റെ ലെറ്റര്‍ പാഡില്‍ സീല്‍ വെച്ച് തീര്‍ത്തും ആധികാരികമായി നല്‍കിയ പരാതിയായതിനാല്‍ പൊലിസിനും നടപടിയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളുണ്ടായില്ല. ഒടുവില്‍ പ്രക്ഷോപത്തിനും മറ്റും അവസരമുണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."