കണ്ണോത്ത് നാട്ടുകല്ല് കുടിവെള്ള പദ്ധതി സ്വപ്‌നങ്ങളില്‍ തന്നെ
വെങ്കിടങ്ങ്: കണ്ണോത്ത് നാട്ടുകല്ലിലെ കുടിവെള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തത് 1984 ല്‍, ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായത് 2002 ലും എന്നിട്ടും കുടിവെള്ളമെന്നത് സ്വപ്നങ്ങളിലൊന്നായിരിക്കുകയാണ് നാട്ടുകാര്‍ക്ക്. 2002 ല്‍ എം.കെ പോള്‍സണ്‍ മാസ്റ്റര്‍ എം.എല്‍.എ ആയിരി ക്കുമ്പോഴാണ് ഏഴേകാല്‍ ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയായത്. പതിനഞ്ച് വര്‍ഷം പിന്നിട്ടിട്ടും നാലര ക്കോടി ചെലവഴിച്ച ഈ പദ്ധതിയില്‍ നിന്ന് ഇതുവരെ ജനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാനായിട്ടില്ല. പോള്‍സണ്‍ മാസ്റ്റര്‍ക്ക് ശേഷം മുരളി പെരുനെല്ലി, പി.എ മാധവന്‍ എന്നിവര്‍ എം.എല്‍.എമാരായി വന്നിട്ടും കുടിവെള്ള പദ്ധതിക്ക് ഒരു മാറ്റവുമുണ്ടായില്ല. പി.എ മാധവന്‍ എം.എല്‍.എയുടെ കാലത്ത് ഇലക്ഷന് തൊട്ടുമുമ്പായി താല്‍കാലിക ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും ഇപ്പോഴും കുടിവെള്ളമെന്നത് സ്വപനമായി നില്‍ക്കുന്നു. വേനല്‍കനത്ത് കുടിവെള്ളത്തിന് വേണ്ടി നാട് മുഴുവന്‍ നെട്ടോട്ട മോടുമ്പോഴും ജലസംഭരണിയില്‍ വെള്ളമെത്തിയിട്ടും വിതരണം ചെയ്യാന്‍ ശ്രമിക്കാതെ അധികൃതരും ഭരണ കൂടവും അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കയാണ്. ഇതിനിടയില്‍ പലതവണയായി ഭൂമിക്കടിയിലൂടെ ജലവിതരണത്തിനായി ഇട്ടിട്ടുള്ള പൈപ്പുകള്‍ പൊട്ടിയതിനാല്‍ മാറ്റിയിടുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എ മാറിമാറി വന്നിട്ടും പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിട്ടില്ല. നിലവില്‍ മുരളി പെരുനെല്ലി എം.എല്‍.എയും, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയിലുള്ള എ.ഐ.വൈ.എഫ് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."