ചെമ്പ്ര കോളനിയില്‍ കാട്ടാനയുടെ ആക്രമണം, ആദിവാസികുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്
എടക്കര: വീടിന് നേരെ കാട്ടാനയാക്രമണം, ആദിവാസികുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്, ചെമ്പ്ര കോളനി കാട്ടാന ഭീതിയില്‍. പോത്തുകല്‍ പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന ഭൂദാനം ചെമ്പ്ര കോളനിയിലെ മാതന്‍-കാളി ദമ്പതികളുടെ വീടിന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ കാട്ടാനയാക്രമണമുണ്ടായത്. ആനയുടെ കൊമ്പ് കൊണ്ട് ഭിത്തിയില്‍ വലിയ ദ്വാരമുണ്ടാകുകയും, വിള്ളല്‍ വീഴുകയും ചെയ്തു.
കാട്ടാന വീറ്റിന് നേരെ ആക്രമണം നടത്തുന്ന സമയത്ത് മാതന്‍, ഭാര്യ കാളി, മകന്‍ സുരേഷ്, ഭാര്യ ശോഭന, ഇവരുടെ മകള്‍ രേഷ്മ, ഭര്‍ത്താവ് സുനില്‍ എന്നിവര്‍ വീടിനുള്ളിലുണ്ടായിരുന്നു. ആനപോകും വരെ പേടിച്ച് വിറച്ചാണ് കുടുംബം ശ്വാസമടക്കി വീടിനുള്ളില്‍ കഴിഞ്ഞത്. ശനിയാഴ്ച കേളനിയിലെ മന്തന്റെ വീടിന് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.
കോളനിയിലെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ നിരവധി കാര്‍ഷികവിളകളും കാട്ടാന നശിപ്പിച്ചു. കോളനിയിലെ ആക്രമണത്തിന് ശേഷം ജനവാസകേന്ദ്രത്തിലേക്കിറങ്ങിയ ആന എട്ട് മണിവരെ സമീപത്തെ തോട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോളനിയില്‍ കാട്ടാന ശല്ല്യം രൂക്ഷമാണ്.
പ്ലാവുകളില്‍ ചക്ക മൂപ്പെത്തിയതോടെയാണ് കാട്ടാനകള്‍കോളനിയിലെത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം വനപാലകരെത്തി ആനയെ കാട്ടിലേക്ക് തുരത്തിയെങ്കിലും താമസിയാതെ ആന വീണ്ടും കോളനിയലേക്ക് തിരികെയെത്തിയതായി ആദിവാസികള്‍ പറയുന്നു. വന്യമൃഗശല്ല്യം തടയാന്‍ കോളനിക്ക് ചുറ്റും നിര്‍മ്മിച്ച കിടങ്ങ് കാലപ്പഴക്കംകൊണ്ട് പല ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കോളനിക്ക് മുകളിലായി വനത്തില്‍ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി കിടങ്ങ് മൂടുകയും ചെയ്തിരുന്നു. ഈ ഭാഗങ്ങളിലൂടെയാണ് കാട്ടാനകള്‍ കോളനിയിലേക്ക് പ്രവേശിക്കുന്നത്. കിടങ്ങിലെ മണ്ണ് നീക്കം ചെയ്ത് കാട്ടാനശല്ല്യം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."